എന്‍ജിനീയര്‍ മുതല്‍ ഇറിക്ഷാ ഡ്രൈവര്‍ വരെ, പിടിയിലായ പെണ്‍കുട്ടി ഉന്നത ബിരുദ ധാരി ; പാര്‍ലമെന്റില്‍ അതിക്രമം കാണിച്ച പ്രതികള്‍ ആറുപേരും വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുള്ളവര്‍

എന്‍ജിനീയര്‍ മുതല്‍ ഇറിക്ഷാ ഡ്രൈവര്‍ വരെ, പിടിയിലായ പെണ്‍കുട്ടി ഉന്നത ബിരുദ ധാരി ; പാര്‍ലമെന്റില്‍ അതിക്രമം കാണിച്ച പ്രതികള്‍ ആറുപേരും വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുള്ളവര്‍
എന്‍ജിനീയര്‍ മുതല്‍ ഇറിക്ഷാ ഡ്രൈവര്‍ വരെയുണ്ട് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അതിക്രമം കാണിച്ചതിനു പിന്നില്‍. ഇവരില്‍ പിടിയിലായ യുവതിക്ക് ഉന്നത വിദ്യാഭ്യാസമുണ്ട്. പ്രതികളില്‍ നാലാമന്‍ ബിരുദധാരിയാണ്.

ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഖാസോ ഖുര്‍ദ് സ്വദേശിനിയാണ് പ്രതികളില്‍ ഒരാളായ നീലം എന്ന യുവതി. വയസ് 32. പിതാവിന് മധുരപലഹാരക്കടയുണ്ട്. സഹോദരങ്ങള്‍ക്ക് ക്ഷീര വില്‍പ്പനയാണ്. എംഎ, എംഎഡ്, എംഫില്‍ ബിരുദങ്ങളും നെറ്റും ഹരിയാന അധ്യാപക പരീക്ഷ യോഗ്യതയും നേടിയിട്ടുണ്ട് നീലം. ഹരിയാന അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു. നാട്ടില്‍ വിപ്ലവനായിക എന്നാണ് നീലം അറിയപ്പെടുന്നത്. തൊഴിലുറപ്പു തൊഴിലാളികളെ സംഘടിപ്പിച്ചായിരുന്നു തുടക്കം. 2015ല്‍ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് വീണ് നട്ടെല്ലിന് പരുക്കേറ്റതാണ്. കര്‍ഷക സമരത്തിലും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലും സജീവമായിരുന്നു. ഡല്‍ഹിയിലേക്കുള്ള നീലത്തിന്റെ വരവ് വീട്ടുകാര്‍ അറിഞ്ഞില്ല . വാര്‍ത്ത അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് വീട്ടുകാര്‍. ബിരുദങ്ങള്‍ ഏറെ നേടിയിട്ടും ജോലി കിട്ടാത്ത നിരാശ നീലത്തിനുണ്ടായിരുന്നെന്നും കുടുംബം പറഞ്ഞു.

മനോരഞ്ജന്‍ ഡി എന്ന 35കാരന്‍ എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. പുസ്തക വായനയാണ് ഹരം. അച്ഛനെ കൃഷിയില്‍ സഹായിക്കുമായിരുന്നു. പാര്‍ലമെന്റില്‍ കടക്കുക എന്ന ലക്ഷ്യത്തോടെ 3 മാസമായി മൈസൂര്‍ എം പി പ്രതാപ് സിംഹയുടെ ഓഫീസ് കയറിയിറങ്ങി ബന്ധം സ്ഥാപിച്ചു. മകന്‍ ചെയ്തത് തെറ്റാണെങ്കിലും അവന്‍ നല്ലവനാണെന്നായിരുന്നു പിതാവിന്റെ പ്രതികരണം.

ഉത്തര്‍പ്രദേശിലെ ലഖ്‌നോ രാംനഗര്‍ സ്വദേശിയാണ് സാഗര്‍ ശര്‍മ. വയസ് 28. പ്ലസ് ടു വരെ വിദ്യാഭ്യാസം. ഇ റിക്ഷ ഓടിക്കാറുണ്ട്. അച്ഛന്‍ തടിപ്പണിക്കാരന്‍. വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസം. ഡല്‍ഹിയില്‍ പ്രതിഷേധ സമരമുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണെന്ന് കുടുംബം പറയുന്നു.

നാലാമന്‍ അമോല്‍ ധന്‍രാജ് ഷിന്‍ഡെ. വയസ് 25. മഹാരാഷ്ട്രയിലെ ലത്തൂര്‍ സ്വദേശി. ബിരുദധാരി. ഡല്‍ഹിയില്‍ സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റ് റാലിയുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണെന്ന് കുടുംബം.

കേസില്‍ പ്രതികളായ ലളിത് ഝാ ബിഹാര്‍ സ്വദേശിയാണ്. പ്രതികള്‍ താമസിച്ച ഗുരു ഗ്രാമിലെ വീട് വിക്കി ശര്‍മ എന്നയാളുടേതാണ്. സെക്യൂരിറ്റിയായും ഡ്രൈവറായുമൊക്കെ ജോലി ചെയ്യാറുള്ളയാളാണ്.

ഇങ്ങനെ വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്നുള്ളവരും ,വ്യത്യസ്ത സ്വഭാവക്കാരുമായ ഇവര്‍ എങ്ങനെ ഒരുമിച്ചു , ആരാണ് പിന്നില്‍ എന്നൊക്കെയാണ് അന്വേഷണ സംഘം തിരയുന്നത്.

Other News in this category



4malayalees Recommends