പാര്‍ലമെന്റ് അതിക്രമക്കേസില്‍ ഇന്ന് തെളിവെടുപ്പ്; ലളിത് ഝായെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി അപേക്ഷ നല്‍കും

പാര്‍ലമെന്റ് അതിക്രമക്കേസില്‍ ഇന്ന് തെളിവെടുപ്പ്; ലളിത് ഝായെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി അപേക്ഷ നല്‍കും
പാര്‍ലമെന്റ് അതിക്രമക്കേസ് പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ ബിഹാര്‍ സ്വദേശി ലളിത് ഝാ കഴിഞ്ഞ ദിവസം രാത്രി കര്‍ത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. ലളിത് ഝായെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

കേസില്‍ ദൃക്‌സാക്ഷികളായ എംപിമാരുടെ മൊഴിയെടുക്കല്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സഭയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. നേരത്തെ പിടിയിലായ പ്രതികളായ സാഗര്‍ ശര്‍മ, മനോരഞ്ജന്‍, നീലം ദേവി, അമോല്‍ ഷിന്‍ഡെ എന്നിവരെ കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

അതീവ സുരക്ഷാ മേഖലയിലാണ് യുവാക്കള്‍ കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ് പ്രതിഷേധത്തിന് കാരണമെന്നാണ് പ്രതികളുടെ മൊഴി. പുലര്‍ച്ചെ 3 വരെ നീണ്ട ചോദ്യം ചെയ്യലില്‍ ഭഗത് സിംഗിനെ പോലെ ഭരണകൂടത്തിന് മറുപടി നല്‍കാനാണ് ശ്രമിച്ചതെന്നായിരുന്നു പ്രതികളുടെ മറുപടി.

ജനുവരി മുതല്‍ ആരംഭിച്ച പദ്ധതിയാണ് കഴിഞ്ഞ ദിവസം പ്രതികള്‍ നടപ്പാക്കിയത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിനായി പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസും നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് അക്രമ സംഭവങ്ങള്‍.

Other News in this category



4malayalees Recommends