ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 351 കോടി കണ്ടെടുത്തതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ധീരജ് സാഹു. കണ്ടെത്തിയ പണം തന്റെ മദ്യ കമ്പനികളുമായി ബന്ധപ്പെട്ടതാണെന്നും കോണ്‍ഗ്രസുമായോ മറ്റെന്തെങ്കിലുമായോ ബന്ധമില്ലെന്നും ധീരജ് സാഹു പറഞ്ഞു.
'കണ്ടെടുത്ത പണം എന്റെ മദ്യക്കമ്പനികളുമായി ബന്ധപ്പെട്ടതാണ്. ഇത് മദ്യവില്‍പ്പനയുടെ നടപടികളാണ്. പറയുന്നതുപോലെ ഈ പണത്തിന് കോണ്‍ഗ്രസുമായോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ യാതൊരു ബന്ധവുമില്ല,' ജാര്‍ഖണ്ഡ് എംപിയായ ധീരജ് സാഹു പറഞ്ഞു.
താന്‍ ബിസിനസില്‍ നേരിട്ട് ഇടപെടുന്നില്ല. പണം കണ്ടെടുത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തന്റെ കുടുംബാംഗങ്ങള്‍ ഉത്തരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെടുത്ത പണമെല്ലാം തന്റേതല്ല. തന്റെ കുടുംബത്തിനും മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും സാഹു വ്യക്തമാക്കി.
'പണം എന്റേതല്ല, അത് എന്റെ കുടുംബത്തിന്റേതും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടേതുമാണ്. എല്ലാത്തിനും ഞാന്‍ കണക്ക് തരാം,' കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഡിസംബര്‍ ആറ് മുതല്‍ ആണ് ഒഡീഷയിലെയും ജാര്‍ഖണ്ഡിലെയും സാഹുവിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. 30ലധികം ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് എട്ടിലധികം കൗണ്ടിംഗ് മെഷീനുകളുടെ സഹായത്തോടെയാണ് പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തിയത്.