അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് അടുത്ത സഹായി ഛോട്ടാ ഷക്കീല്‍. ഭായിയുടെ മരണത്തെക്കുറിച്ചുള്ള കിംവദന്തികള്‍ അടിസ്ഥാനരഹിതമാണ്. ഈയടുത്താണ് അദ്ദേഹത്തെ കണ്ടത്. അദ്ദേഹം 100 ശതമാനം ഫിറ്റാണെന്ന് ഛോട്ടാ ഷക്കീല്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ദാവൂദ് ഇബ്രാഹിം വിഷം ഉള്ളില്‍ച്ചെന്ന് കറാച്ചിയില്‍ ചികിത്സയിലാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ വാര്‍ത്ത ദുരുദ്ദേശ്യത്തോടെ കാലാകാലങ്ങളില്‍ പരക്കുന്ന കിംവദന്തികള്‍ മാത്രമാണെന്നും ഷക്കീല്‍ വ്യക്തമാക്കി.
പാകിസ്ഥാനില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ 'ഭായി'യെ നല്ല നിലയില്‍ കണ്ടെത്തിയതായി അവകാശപ്പെട്ടു. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ സുരക്ഷാ വലയം 24 മണിക്കൂറും കാവലിരിക്കുന്നതിനാല്‍ വിഷം കലര്‍ത്താനുള്ള സാധ്യതയും ഛോട്ടാ ഷക്കീല്‍ തള്ളിക്കളഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നായിരുന്നു സോഷ്യല്‍മീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചത്. ഇടക്കാല പ്രധാനമന്ത്രിയുടെ പേരിലുള്ള വ്യാജ ഐഡിയില്‍ നിന്നായിരുന്നു പ്രചാരണത്തിന് തുടക്കം.
ദാവൂദ് ഇബ്രാഹിമിന് അജ്ഞാതന്‍ വിഷം നല്‍കിയെന്നായിരുന്നു പ്രചാരണം. പാകിസ്ഥാനിലെ അപ്രഖ്യാപിച ഇന്റര്‍നെറ്റ് നിരോധനവും ദാവൂദിന്റെ ആശുപത്രി വാസവുമായി ബന്ധമുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍, പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ വിര്‍ച്വല്‍ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റര്‍നെറ്റ് തടസമെന്നും ആരോപണമുണ്ട്.
1993ലെ മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ദാവൂദിന് പാകിസ്ഥാന്‍ അഭയം നല്‍കിയെങ്കിലും ഇക്കാര്യം പാകിസ്ഥാന്‍ നിഷേധിക്കുകയാണ്. കറാച്ചിയിലെ ക്ലിഫ്ടണ്‍ പ്രദേശത്ത് ഇയാളുടെയും ഷക്കീലിന്റെയും സാന്നിധ്യം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നുവെങ്കിലും പാകിസ്ഥാന്‍ നിരസിച്ചു. ഇത്തവണയും കിംവദന്തികളോട് പാകിസ്ഥാന്‍ അധികൃതര്‍ മൗനം പാലിക്കുകയായിരുന്നു.