സസ്‌പെന്‍ഷന് മിനിറ്റുകള്‍ക്ക് മുന്‍പ് എക്‌സില്‍ ശശി തരൂരിന്റെ പ്രവചനം! ; തരൂരടക്കം 49 എംപിമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു

സസ്‌പെന്‍ഷന് മിനിറ്റുകള്‍ക്ക് മുന്‍പ് എക്‌സില്‍ ശശി തരൂരിന്റെ പ്രവചനം! ; തരൂരടക്കം 49 എംപിമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു
പാര്‍ലമെന്റില്‍ നിന്ന് ഇന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ശശി തരൂര്‍ എംപി പങ്കുവെച്ച എക്‌സ് പ്ലാറ്റഫോമിലെ പോസ്റ്റ് ചര്‍ച്ചയാകുന്നു. എംപിമാര്‍ക്ക് എതിരെയുള്ള സസ്‌പെന്‍ഷന്‍ നടപടികള്‍ ഇന്നും തുടരുമെന്നും താന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുമെന്നുമാണ് 44 പ്രതിപക്ഷ എംപിമാര്‍ക്കൊപ്പം സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ശശി തരൂര്‍ എക്‌സില്‍ കുറിച്ചത്.

'15 വര്‍ഷത്തെ എന്റെ പാര്‍ലമെന്ററി ജീവിതത്തില്‍ ആദ്യമായി പ്രതിഷേധത്തിന്റെ പ്ലക്കാര്‍ഡുമായി ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ഞാന്‍ ഇറങ്ങുകയാണ്. പാര്‍ലമെന്റില്‍ ഉണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായാണിത്. സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചതിന് അന്യായമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ഞാനും ഇറങ്ങുന്നത്. ഇതിനു പിന്നാലെ വരുന്നത് സസ്‌പെന്‍ഷന്‍ ആണെന്ന് എനിക്ക് ബോധ്യമുണ്ട്. എന്നാല്‍ നീതിയുക്തമല്ലാത്ത ഒരു കാര്യത്തിനെതിരെ പ്രതികരിച്ചതിനുള്ള അംഗീകാരമായാണ് ഞാന്‍ അതിനെ കാണുന്നത്' എന്നായിരുന്നു ശശി തരൂര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തത്.

തൊട്ടുപിന്നാലെ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള സസ്‌പെന്‍ഡ് ചെയ്ത 49 എംപിമാരില്‍ അദ്ദേഹവും ഉള്‍പ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫാറൂഖ് അബ്ദുള്ള, എന്‍സിപിയുടെ സുപ്രിയ സുലെ, സമാജ്‌വാദി പാര്‍ട്ടിയുടെ ഡിംപിള്‍ യാദ, ഡാനിഷ് തിവാരി, കേരളത്തില്‍ നിന്ന് കെ സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവരും ഇന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ഇതോടെ ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി. എന്നാല്‍ നടപടിയില്‍ നിന്ന് സോണിയ ഗാന്ധിയെ സ്പീക്കര്‍ ഒഴിവാക്കി. സഭയ്ക്ക് പുറത്ത് എന്‍ഡിടിവിയോട് സംസാരിച്ച തരൂര്‍, സസ്‌പെന്‍ഷനെ ഏകപക്ഷീയവും അന്യായവും പാര്‍ലമെന്ററി ജനാധിപത്യത്തിന് എതിരായതും എന്നാണ് വിശേഷിപ്പിച്ചത്.


ലോക്‌സഭയില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായത്. പോസ്റ്റര്‍ ഉയര്‍ത്തി നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. രാജ്യസഭയിലും കനത്ത പ്രതിഷേധം ഇന്നുണ്ടായി. ഇതിന് പിന്നാലെയാണ് ലോക്‌സഭയില്‍ എംപിമാരെ സ്പീക്കര്‍ ഓം ബിര്‍ള സസ്‌പെന്റ് ചെയ്തത്.



Other News in this category



4malayalees Recommends