ഭാര്യയെ സംശയം, വഴക്കിട്ട ശേഷം 20 കാറുകള്‍ അടിച്ച് തകര്‍ത്ത് യുവാവിന്റെ പരാക്രമം
ചെന്നൈയില്‍ ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഷോറൂമിലെ ഗാരേജില്‍ നിര്‍ത്തിയിട്ടിരുന്ന 20 കാറുകള്‍ അടിച്ചു തകര്‍ത്ത് യുവാവിന്റെ പരാക്രമം. തമിഴ്നാട്ടിലെ കോളത്തൂരിലാണ് സംഭവം.
ഷോറൂം ഉടമ മീരാന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തിങ്കളാഴ്ചയാണ് കാറുകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ രാജമംഗലം പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കൊരട്ടൂര്‍ സ്വദേശിയായ ഭൂബാലനെ (35) അറസ്റ്റ് ചെയ്യുകയായിരുന്നു. ലഹരി വിമുക്ത കേന്ദ്രത്തില്‍ നിന്ന് രണ്ടു ദിവസം മുമ്പ് പുറത്തിറങ്ങിയ ഭൂബാലന്‍ നേരെ ഗ്യാരേജിലേക്കാണ് പോയത്. തുടര്‍ന്ന് വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഭാര്യയെ സംശയിച്ചാണ് അക്രമമെന്ന് പൊലീസ് പറഞ്ഞു.