കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിയതില്‍ ഇന്‍ഡ്യാ സഖ്യത്തില്‍ ഭിന്നത. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും അതൃപ്തി പരസ്യമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്‍ഡ്യാ മുന്നണി യോഗം അവസാനിക്കും മുമ്പ് ഇരു നേതാക്കളും മടങ്ങി.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് നേരത്തെ നിതീഷ് കുമാറിന്റെ പേര് ആര്‍ജെഡിയും ജെഡിയുവും നിര്‍ദേശിച്ചിരുന്നു. ലാലു പ്രസാദ് യാദവിനും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നില്ല. അതിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.
നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കുന്നതിലൂടെ ബിഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തികൊണ്ടുവരാനാണ് ആര്‍ജെഡി ലക്ഷ്യമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. അതേസമയം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. പ്രധാനമന്ത്രിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി.
'എംപിമാരുണ്ടാകുന്നതിന് മുമ്പ് പ്രധാനമന്ത്രിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്റെ അര്‍ത്ഥമെന്താണ്? ഞങ്ങള്‍ ഒരുമിച്ച് ഭൂരിപക്ഷം നേടാന്‍ ശ്രമിക്കും,' എന്നായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഖാര്‍ഗെയുടെ പേരാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചതെന്നാണ് വിവരം.