നികുതി വരുമാനത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ അടിസ്ഥാനരഹിതമ്മായ ആവശ്യം ഉന്നയിക്കുകയും മര്യാദയില്ലാതെ സംസാരിക്കുകയും ചെയ്ത തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ശക്തമായ മറുപടിയുമായി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കേന്ദ്രമന്ത്രി ഉദയനിധിക്ക് മുന്നറിയിപ്പ് നല്‍കി.
തങ്ങള്‍ ചോദിക്കുന്നത് ആരുടെയും അച്ഛന്റെ പണമല്ലെന്നും തമിഴ്‌നാട്ടിലെ ജനങ്ങള്‍ നല്‍കിയ നികുതിപ്പണമാണ് എന്നുമായിരുന്നു ഉദയനിധിയുടെ വാക്കുകള്‍. ഇതിന് മറുപടിയായി, താങ്കള്‍ ഇരിക്കുന്ന പദവിയെ സ്വയം മാനിക്കണമെന്ന് നിര്‍മല ഉദയനിധിയോട് പറഞ്ഞു. അച്ഛന്റെ പണം എന്നൊക്കെയാണ് താങ്കള്‍ പറയുന്നത്. അച്ഛന്റെയും അപ്പൂപ്പന്റെയും ചിലവിലായിരിക്കും താങ്കള്‍ അധികാരം നേടിയത്.
എന്നാല്‍, ഞാന്‍ അത് ചോദിക്കുന്നില്ല. അച്ഛന്‍, അമ്മ തുടങ്ങിയ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ അല്‍പ്പം ബഹുമാനമൊക്കെ ആകാം. അത് ഒരു സംസ്‌കാരത്തിന്റെ ഭാഗമാണെന്നും, പണം കൊടുത്ത് നേടാവുന്നതല്ലെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. അതേസമയം, ഉദയനിധി സ്റ്റാലിന്‍ ഉന്നയിച്ച രാഷ്ട്രീയ വിമര്‍ശനത്തിനും നിര്‍മല സീതാരാമന്‍ വ്യക്തമായ മറുപടി നല്‍കി.
തമിഴ്‌നാടിന്റെ എന്നല്ല, ഒരു സംസ്ഥാനങ്ങളുടെയും പണം കേന്ദ്ര സര്‍ക്കാര്‍ അന്യായമായി തടഞ്ഞ് വെച്ചിട്ടില്ല. കണക്കുകള്‍ എല്ലാം കൃത്യമായി പാര്‍ലമെന്റിലും ജിഎസ്ടി കൗണ്‍സില്‍ യോഗങ്ങളിലും വ്യക്തമാക്കാറുണ്ട്. ആര്‍ക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ ഉന്നയിച്ചാല്‍ ആധികാരികമായി മറുപടി നല്‍കുന്നതാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.