വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് യുവതിയെ ജീവനോടെ ചുട്ടുകൊന്ന ചെന്നൈ സ്വദേശി അറസ്റ്റില്‍. സോഫ്റ്റ് വെയര്‍ എന്‍ജീനിയറായ യുവതിയെ വിവാഹം കഴിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ വരെ ചെയ്ത യുവാവാണ് കൊലപാതകം നടത്തിയത്. ചെന്നൈയിലെ കേളമ്പാക്കത്തിനടുത്തുള്ള താലമ്പൂരിലാണ് സംഭവം നടന്നത്. ആര്‍. നന്ദിനി എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി യുവതിയുടെ ബാല്യകാല സുഹൃത്ത് കൂടിയായിരുന്നു.പാണ്ടി മുരുഗേശ്വരി എന്നായിരുന്നു പ്രതിയുടെ ആദ്യ പേര്. പിന്നീട് ഇവര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി. വെട്രിമാരന്‍ എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. എംബിഎ ബിരുദദാരിയാണ് പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മധുരയിലെ ഗേള്‍സ് സ്‌കൂളിലാണ് പ്രതിയും കൊല്ലപ്പെട്ട നന്ദിനിയും പഠിച്ചിരുന്നത്. എന്നാല്‍ ലിംഗമാറ്റം ചെയ്ത പുരുഷനായതോടെ നന്ദിനിയോട് ഇയാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ നന്ദിനി ഇത് നിരസിച്ചു. എന്നിട്ടും ഇവര്‍ നല്ല സൗഹൃദം നിലനിര്‍ത്തിയിരുന്നു.
എട്ട് മാസം മുമ്പാണ് നന്ദിനി ബിരുദം പൂര്‍ത്തിയാക്കിയത്. ശേഷം നന്ദിനിയ്ക്ക് ചെന്നൈയില്‍ ജോലി ലഭിച്ചു. ജോലിയ്ക്കായി ചെന്നൈയിലെത്തിയ നന്ദിനി അമ്മാവനോടൊപ്പമാണ് താമസിച്ചിരുന്നത്. പെട്ടെന്ന് ഒരു ദിവസം വെട്രിമാരന്‍ നന്ദിനിയെ ഫോണില്‍ വിളിച്ച് തന്റെ കൂടെ കുറച്ച് സമയം ചെലവഴിക്കാമോ എന്ന് ചോദിച്ചിരുന്നു.തുടര്‍ന്ന് നന്ദിനി വെട്രിമാരനെ കാണാനെത്തി. തുടര്‍ന്ന് ഇയാള്‍ നന്ദിനിയ്ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കൊടുത്തു. നന്ദിനിയെയും കൊണ്ട് താംബരത്തുള്ള ഒരു അനാഥാലയത്തിലും ഇയാള്‍ പോയി. അവിടുത്തെ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തു.
എന്നാല്‍ ഈ യാത്രയാണ് നന്ദിനിയുടെ ജീവനെടുത്തത്. അനാഥാലയത്തില്‍ നിന്ന് ഇറങ്ങിയ ശേഷം നന്ദിനിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പ്രതി പറഞ്ഞു. ശേഷം പൊന്‍മാറിലുള്ള ഒരു ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് ഇയാള്‍ വാഹനമോടിച്ച് കയറ്റുകയായിരുന്നു.
നന്ദിനിയുടെ ചിത്രങ്ങളെടുക്കാനാണ് ഈ ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയത് എന്നാണ് വെട്രിമാരന്‍ നന്ദിനിയോട് പറഞ്ഞത്. ശേഷം ഇയാള്‍ വണ്ടിയില്‍ നിന്ന് ഒരു ചങ്ങലയെടുത്ത് നന്ദിനിയുടെ കൈയ്യും കാലും ബന്ധിച്ചു. ഫോട്ടോയെടുക്കാനാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇത്.
എന്നാല്‍ ചങ്ങലയഴിക്കാന്‍ നന്ദിനി ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വിസമ്മതിച്ചു. ശേഷം ഒരു കത്തിയെടുത്ത് ഇയാള്‍ നന്ദിനിയുടെ കഴുത്ത് മുറിച്ചു. ശേഷം കൈയ്യിലും കാലിലും പരിക്കേല്‍പ്പിച്ചു. പിന്നീട് കൈയ്യില്‍ കരുതിയിരുന്ന ഒരു കുപ്പി പെട്രോള്‍ ഒഴിച്ച് ഇയാള്‍ നന്ദിനിയെ തീകൊളുത്തി കൊല്ലുകയായിരുന്നു.
നന്ദിനിയെ ജീവനോടെ തീകൊളുത്തിയയുടന്‍ ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നന്ദിനിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. അതിനിടെ നാട്ടുകാര്‍ നന്ദിനിയെ രക്ഷപ്പെടുത്താനും ശ്രമിച്ചു. ഇതിനിടെയാണ് നന്ദിനി വെട്രിമാരന്റെ ഫോണ്‍ നമ്പര്‍ നാട്ടുകാരോട് വിളിച്ച് പറഞ്ഞത്.
പോലീസ് വെട്രിമാരനെ തിരക്കിയെത്തിയപ്പോള്‍ തന്നെ അയാള്‍ വേഗം സംഭവസ്ഥലത്തേക്ക് വരാനും തയ്യാറായി. നന്ദിനി തന്റെ സുഹൃത്തായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പിന്നീട് ഇയാള്‍ നന്ദിനിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലും സഹായിയായി കൂടി.
എന്നാല്‍ ശനിയാഴ്ചയോടെ നന്ദിനി മരണപ്പെടുകയായിരുന്നു. നന്ദിനി മരണപ്പെട്ടതോടെ വെട്രിമാരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നീട് പോലീസ് തെരച്ചിലില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് താനാണ് നന്ദിനിയെ കൊന്നതെന്ന കാര്യം ഇയാള്‍ തുറന്ന് സമ്മതിച്ചത്. തന്റെ വിവാഹാഭ്യര്‍ത്ഥന നന്ദിനി നിഷേധിച്ചതാണ് ഇതിന് കാരണമെന്നും ഇയാള്‍ പറഞ്ഞു. കൂടെ ജോലി ചെയ്യുന്ന ഒരു സഹപ്രവര്‍ത്തകനുമായി നന്ദിനി പ്രണയത്തിലായിരുന്നു. ഇതാണ് നന്ദിനിയെ കൊല്ലാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു.