ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പോലും പൂര്‍ണമായി തീരുന്നതിനുമുന്‍പേ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുന്നതിന് പുറകില്‍ രാഷ്ട്രീയം മാത്രമാണ് ബിജെപി ലക്ഷ്യമാക്കുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. പ്രധാന ക്ഷേത്ര ഭാഗം പോലും ഏതാണ്ട് ജനുവരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് സംഘാടകര്‍ പറയുന്നത്. ഇതിനിടെയാണ് തിരക്കിട്ട് ക്ഷേത്ര ഉദ്ഘാടനം നടത്തുന്നത്. വരാനിരിക്കുന്ന ലേക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപിയുടെ കരുനീക്കങ്ങള്‍.
രാമക്ഷേത്രം ഉദ്ഘാടനത്തിന് ഇനി 25 ദിവസം മാത്രമാണുള്ളത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ധൃതിയില്‍ പുരോഗമിക്കുകയാണ്. ജനുവരി 22 ന് പ്രധാന ക്ഷേത്രത്തില്‍ പ്രണ പ്രതിഷ്ഠയാണ് മോദി നിര്‍വഹിക്കുന്നത്.
മൂന്ന് നിലകളുള്ള ക്ഷേത്രത്തിന്റെ രണ്ടു നിലകള്‍ മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. 70 ഏക്കറില്‍ നിറഞ്ഞിരിക്കുന്ന ക്ഷേത്രത്തിന്റെ അനുബന്ധ സൗകര്യങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണ്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇനിയും വര്‍ഷങ്ങള്‍ തുടരുമെന്നാണ് തൊഴിലാളികളും പറയുന്നത്. പ്രധാന ക്ഷേത്രത്തിന്റെ നിര്‍മ്മാണം ജനുവരിയില്‍ ഏതാണ്ട് പൂര്‍ത്തിയാകുമെന്ന് വി എച്ച്പി നേതാക്കളും പറയുന്നു.
രാജ്യത്തെ 5 ലക്ഷം ക്ഷേത്രങ്ങള്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ അലങ്കരിക്കുന്നുണ്ട്. പ്രധാന ഇടങ്ങളില്‍ എല്ലാം തല്‍സമയം സ്‌ക്രീനിംഗ് സംഘടിപ്പിക്കുന്നതും വോട്ടുകള്‍ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്.