റോംങ് നമ്പറില്‍ തുടങ്ങിയ പ്രണയത്തിലൂടെ വിവാഹിതരായി ബീഹാറിലെ ദമ്പതികള്‍. നാട്ടുകാരുടെ ഇടപെടലാണ് ഇവരുടെ വിവാഹത്തില്‍ കലാശിച്ചത്. ആരതി കുമാരി രാംസേവക് എന്നിവരുടെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ജമുയി ജില്ലയിലെ ജാവതാരി ഗ്രാമത്തിലാണ് ആരതി കുമാരി താമസിക്കുന്നത്. പാട്‌നയിലെ പാണ്ടാരക് ഗ്രാമവാസിയാണ് രാംസേവക്.
നാല് വര്‍ഷം മുമ്പാണ് ഇവരുടെ പ്രണയ കഥ ആരംഭിച്ചത്. ഒരു റോംഗ് നമ്പര്‍ കോളാണ് ഇരുവരുടെയും പ്രണയത്തിന് തുടക്കമിട്ടത്. പിന്നീട് ഇരുവരും പരസ്പരം സംസാരിക്കാനും കാണാനും തുടങ്ങി. ആരതിയുടെ വീട്ടിലോ അല്ലെങ്കില്‍ ജമുയി റെയില്‍വേ സ്റ്റേഷനിലോ വെച്ചാണ് ഇവര്‍ കണ്ടിരുന്നത്.
എന്നാല്‍ ഇവരുടെ കൂടിക്കാഴ്ച നാട്ടുകാര്‍ കൈയ്യോടെ പൊക്കി. ഒരു മുറിയിലിരുന്ന് ഇവര്‍ സംസാരിക്കുന്നത് കണ്ട നാട്ടുകാരില്‍ ചിലര്‍ രണ്ടുപേരെയും മുറിയിലിട്ട് പൂട്ടുകയായിരുന്നു. തങ്ങളെ തുറന്ന് വിടണമെന്ന് ദമ്പതികള്‍ അപേക്ഷിച്ചെങ്കിലും അത് ചെവിക്കൊള്ളാന്‍ നാട്ടുകാര്‍ തയ്യാറായില്ല.
അവര്‍ വ്യത്യസ്തമായ ഒരു നിര്‍ദ്ദേശം ഇവര്‍ക്കുമുന്നില്‍ വെച്ചു. വിവാഹം കഴിക്കാമെങ്കില്‍ തുറന്നുവിടാം എന്നായിരുന്നു നാട്ടുകാരുടെ നിര്‍ദ്ദേശം.
ഇത് കേട്ടതും ദമ്പതികള്‍ വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചു. അങ്ങനെ ഇരു കുടുംബങ്ങളുടെയും സാന്നിദ്ധ്യത്തില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും വിവാഹിതരാകുകയും ചെയ്തു.