വിവിധ തലങ്ങളില്‍ നിന്ന് പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറിയതായി റിപ്പോര്‍ട്ട്. ക്ഷണം കിട്ടിയ പ്രധാന നേതാക്കള്‍ പോകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കുന്ന കാര്യത്തിലും തീരുമാനമായില്ല. സോണിയ ഗാന്ധിക്കും ഖര്‍ഗെയ്ക്കും പുറമെ അധിര്‍ രഞ്ജന്‍ ചൗധരിക്കാണ് കോണ്‍ഗ്രസില്‍ നിന്ന് ക്ഷണം കിട്ടിയത്.
പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിക്കും വിയോജിപ്പുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ഘടകങ്ങളോട് പരസ്യ പ്രസ്താവന വേണ്ടെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.കോണ്‍ഗ്രസ് പങ്കെടുക്കുന്നതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ബിജെപിയുടെ ഒരു കെണിയിലും കോണ്‍ഗ്രസ് വീഴില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും കെസി പറഞ്ഞു. പങ്കെടുക്കണോ വേണ്ടയോ എന്നതില്‍ കോണ്‍ഗ്രസിന് അഭിപ്രായമുണ്ട്. ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ അഭിപ്രായമുണ്ട്. കോണ്‍ഗ്രസിന് മേല്‍ ഒരു സമ്മര്‍ദ്ദവുമില്ല. കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയിലെ നിലപാട് അദ്ദേഹത്തോട് ചോദിക്കണമെന്നും കെ സി കൂട്ടിച്ചേര്‍ത്തു. അതേസമയം, ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ലെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.