അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ എല്ലാ അവകാശങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമായി നല്‍കുന്നതിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ. രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് നടക്കുന്നത്. ഇതു ശരിയല്ലെന്ന് അദേഹം വ്യക്തമാക്കി. പരിപാടി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്ഥിതിക്ക് രാഷ്ട്രപതി ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതാണ് നല്ലതെന്നും ഉദ്ധവ് പറഞ്ഞു.
രാമ ക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയ പരിപാടിയാക്കി മാറ്റരുത്. തനിക്ക് ക്ഷണം ലഭിച്ചോ ഇല്ലയോ എന്നത് പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു. രഥയാത്ര തുടങ്ങിയ എല്‍ കെ അദ്വാനിക്കും മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിക്കും ഉദ്ഘാടന ചടങ്ങില്‍ ക്ഷണംപോലും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നതെന്നും അദേഹം പറഞ്ഞു.
വ്യക്തിയുടെയോ പാര്‍ടിയുടെയോ സ്വത്തല്ല രാമന്‍. രാമന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. എനിക്ക് എപ്പോഹ വേണമെങ്കിലും അയോധ്യയിലേക്ക് പോകാം. മുന്‍പ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന സമയത്തും പോയിരുന്നു.
തനിക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം കിട്ടിയിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, അയോധ്യയില്‍ പോവാന്‍ ആരുടേയും ക്ഷണം ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഉദ്ദവിന് ക്ഷണമില്ലെങ്കിലും മഹാരാഷ്ട്രാ നവ നിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറേയ്ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്.