ഉത്തര്‍പ്രദേശില്‍ തൊഴിലാളികള്‍ക്ക് വമ്പന്‍ ഓഫറുമായി യോഗി സര്‍ക്കാര്‍. സാധാരണ തൊഴിലാളികള്‍ക്ക് 1.25 ലക്ഷം പ്രതിമാസ ശമ്പളമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ഓഫര്‍. എന്നാല്‍ തൊഴില്‍ ഇന്ത്യയിലല്ല. ഇസ്രായേലിലേക്ക് പോകാന്‍ താത്പര്യമുള്ള തൊഴിലാളികള്‍ക്കായാണ് ഈ വമ്പന്‍ ഓഫര്‍.
ഇസ്രായേലില്‍ നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കാണ് പ്രതിമാസം ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഇസ്രായേലില്‍ നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികളെ ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ പരസ്യം ചെയ്തിട്ടുണ്ട്. മേസ്തിരി, ഹെല്‍പ്പര്‍ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് വിജ്ഞാപനം.
കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് മിഷന്റെ കീഴിലാണ് ഇസ്രായേലില്‍ ജോലി ലഭിക്കുക. പ്രതിമാസം 1.25 ലക്ഷം രൂപ ശമ്പളത്തിന് പുറമേ 15000 രൂപ പ്രതിമാസ ബോണസും ലഭിക്കും. എന്നാല്‍ ബോണസ് തുക ജോലി പൂര്‍ത്തിയാക്കി കാലാവധി അവസാനിക്കുമ്പോള്‍ മാത്രമേ ലഭിക്കൂ.
പലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റ് ഇസ്രായേല്‍ റദ്ദ് ചെയ്തതോടെയാണ് തൊഴിലാളി ക്ഷാമം നേരിട്ടത്. ഇതേ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ ഇസ്രായേലിലേക്ക് ക്ഷണിക്കുന്നത്. വിവിധ മേഖലകളിലായി 42,000 ഇന്ത്യാക്കാര്‍ക്കാണ് അവസരം. ഇതില്‍ 34,000 അവസരങ്ങളും നിര്‍മ്മാണ മേഖലയിലാണ്.
21 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്കാണ് ഇസ്രായേലില്‍ അവസരം. കൂടാതെ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്. അതേ സമയം സംഘര്‍ഷം തുടരുന്ന ഇസ്രായേലിലേക്ക് ഇന്ത്യന്‍ പൗരന്മാരെ ജോലിക്കായി അയയ്ക്കുന്നതില്‍ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.