ലൈംഗീകാതിക്രമം ചെറുത്ത ദളിത് യുവതിയെ ശര്‍ക്കര നിര്‍മ്മാണ യൂണിറ്റിലെ ചൂടു പാത്രത്തിലേക്ക് തള്ളിയിട്ടു ; മൂന്നു പേര് അറസ്റ്റില്‍
യുപിയില്‍ ലൈംഗീക അതിക്രമം ചെറുത്ത ദളിത് യുവതിയെ ശര്‍ക്കര നിര്‍മ്മാണ യൂണിറ്റിലെ ചൂടു പാത്രത്തിലേക്ക് തള്ളിയിട്ടതായി പരാതി. ഗുരുതരമായി പരിക്കേറ്റ 18 കാരി ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ശര്‍ക്കര യൂണിറ്റിന്റെ ഉടമ അടക്കം മൂന്നു പേര് അറസ്റ്റിലായി. പ്രമോദ് രാജു, സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. ബാഗ്പത് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.
പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് മുസാഫര്‍നഗര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അത് എതിര്‍ത്തപ്പോള്‍ ശര്‍ക്കര നിര്‍മ്മിക്കുന്ന ചൂടുപാത്രത്തിലേക്ക് തള്ളിയിടുകയും ചെയ്തെന്നാണ് പരാതി. യുവതിയെ കൊല്ലുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും സഹോദരന് നല്കിയ പരാതിയില്‍ പറയുന്നുണ്ട്. യുവതിയെ ജാതി അധിക്ഷേപം നടത്തിയ പ്രതികള്‍ സംഭവ ശേഷം ഒളിവില്‍ പോയി. പ്രതികള്‍ക്കെതിരെ അന്വേഷണം തുടങ്ങി.