മസൂദ് അസര്‍ കൊല്ലപ്പെട്ടെന്നത് വ്യാജ പ്രചരണം; ഇന്ത്യ തേടുന്ന കൊടും ഭീകരന്‍ ജീവനോടെയുണ്ട്

മസൂദ് അസര്‍ കൊല്ലപ്പെട്ടെന്നത് വ്യാജ പ്രചരണം; ഇന്ത്യ തേടുന്ന കൊടും ഭീകരന്‍ ജീവനോടെയുണ്ട്

ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരസംഘടനയുടെ തലവന്‍ മൗലാന മസൂദ് അസര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജം. കഴിഞ്ഞ ദിവസമാണ് മസൂദ് അസര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. സാമൂഹ്യ മാധ്യമമായ എക്‌സിലൂടെ ആയിരുന്നു വ്യാജ പ്രചരണം. ഇതിന് പിന്നാലെയാണ് മസൂദ് അസര്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന സ്ഥിരീകരണം.


പാകിസ്ഥാനില്‍ പുതുവത്സരത്തില്‍ അജ്ഞാതര്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. മസ്ജിദിലെ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുമ്പോള്‍ മസൂദ് അസറിന് നേരെ ആക്രമണം നടന്നതായി ട്വിറ്ററിലൂടെയാണ് വ്യാജ പ്രചരണം നടന്നത്.

ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ ലിസ്റ്റിലെ മുന്‍നിരക്കാരനാണ് മസൂദ് അസര്‍. 1994ല്‍ പോര്‍ച്ചൂഗീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യയിലേക്ക് കടന്ന ഇയാള്‍ കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍ എന്ന നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു.

കശ്മീരില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായ മസൂദ് ആറ് വര്‍ഷത്തോളം ഇന്ത്യയില്‍ ജയിലില്‍ കഴിഞ്ഞു. 1999ല്‍ കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തെ ഭീകരര്‍ റാഞ്ചിയത് മസൂദിന്റെ മോചനം ലക്ഷ്യം വച്ചായിരുന്നു. മസൂദിനെ മോചിപ്പിച്ചുകൊണ്ടാണ് ഇന്ത്യയ്ക്ക് സ്വന്തം പൗരന്മാരെ രക്ഷിക്കേണ്ടി വന്നത്.

2000ല്‍ ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരസംഘടന രൂപീകരിച്ചു. 2001ല്‍ ജെയ്‌ഷെ ഇ മുഹമ്മദ് ഇന്ത്യയില്‍ രണ്ട് ആക്രമണങ്ങള്‍ നടത്തി. ആദ്യത്തേത് ഒക്ടോബറില്‍ കശ്മീര്‍ നിയമസഭയിലും രണ്ടാമത്തേത് ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലുമായിരുന്നു. 2008ല്‍ മുംബൈ ഭീകരാക്രമണവും 2016ല്‍ പത്താന്‍കോട്ട് ആക്രമണവും ജെയ്‌ഷെ ഇ മുഹമ്മദ് നടത്തിയത് മസൂദിന്റെ പദ്ധതിപ്രകാരമായിരുന്നു.

പുല്‍വാമ ആക്രമണത്തിന് പിന്നാലെ മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ത്യ ശക്തമാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയില്‍ ചൈന നാല് തവണയാണ് മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം തടഞ്ഞത്. പാകിസ്ഥാന്റെ ആവശ്യപ്രകാരമായിരുന്നു ചൈനയുടെ നടപടി. നിരന്തരമായ ഇന്ത്യയുടെ ആവശ്യപ്രകാരം ഐക്യരാഷ്ട്ര രക്ഷാസമിതി മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.



Other News in this category



4malayalees Recommends