കോളേജ് ക്യാപസില്‍ അഞ്ചാംനിലയില്‍ നിന്നും താഴേക്ക് ചാടി ബിടെക്ക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഹൈദരാബാദിന് സമീപം രുദ്രാരമിലെ ഗീതം സര്‍വകലാശാല കാംപസിലെ കോളേജിന്റെ കെട്ടിടത്തിന് മുകളില്‍ നിന്നാണ് ഒന്നാംവര്‍ഷ ബിടെക്ക് വിദ്യാര്‍ഥിനിയായ രേണുശ്രീ(18) ചാടി മരിച്ചത്.വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം.
മറ്റുവിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കേയായിരുന്നു രേണുശ്രീ താഴേക്ക് എടുത്തുചാടിയത്. രേണുശ്രീ അഞ്ചാംനിലയിലെ പാരപ്പറ്റില്‍ ഇരിക്കുന്നത് വിദ്യാര്‍ഥികള്‍ കണ്ടിരുന്നു. ഇവര്‍ ബഹളം വെയ്ക്കുകയും രേണുശ്രീയോട് താഴെയിറങ്ങാനും ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ നോക്കി ഇരിക്കുകയായിരുന്നു.
രേണുശ്രീയെ രക്ഷിക്കാനായി ചില വിദ്യാര്‍ഥികള്‍ താഴെനിന്നും അഞ്ചാംനിലയിലേക്ക് ഓടിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ രേണുശ്രീ അഞ്ചാം നിലയില്‍നിന്ന് എടുത്തുചാടുകയായിരുന്നു. താഴേക്ക് പതിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍തന്നെ കൂടിനിന്നവര്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രേണുശ്രീ യെല്ലമ്മബണ്ട സ്വദേശിനിയാണ്. മൂന്നുമാസം മുന്‍പാണ് സര്‍വകലാശാലയില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് കോഴ്‌സിന് ചേര്‍ന്നത്. പെണ്‍കുട്ടി താഴേക്ക് ചാടുന്നതിന് മുന്‍പ് നോക്കിയിരുന്ന മൊബൈല്‍ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആരെയെങ്കിലും വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്തിട്ടുണ്ടോ എന്നറിയാനാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്. കൂടാതെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നു പോലീസ് അറിയിച്ചു. വിദ്യാര്‍ഥിനി താഴേക്ക ചാടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദൃക്‌സാക്ഷികളായ വിദ്യാര്‍ഥികള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.