പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള പരാമര്‍ശം നടത്തിയ മാലദ്വീപ് മന്ത്രിമാരെ പുറത്താക്കി ; ടൂറിസം മേഖലയ്ക്ക് തിരിച്ചടി ; ബുക്കിങ്ങുകള്‍ റദ്ദാക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള പരാമര്‍ശം നടത്തിയ മാലദ്വീപ് മന്ത്രിമാരെ പുറത്താക്കി ; ടൂറിസം മേഖലയ്ക്ക് തിരിച്ചടി ; ബുക്കിങ്ങുകള്‍ റദ്ദാക്കുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള മാലദ്വീപ് നേതാക്കളുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഈസ്‌മൈട്രിപ്പ്. കോം. മാലദ്വീപിലേക്കുള്ള എല്ലാ ബുക്കിംഗും റദ്ദാക്കിയതായി ഈസ്‌മൈട്രിപ്പ്.കോം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മാലദ്വീപ് മന്ത്രിമാര്‍ മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. അധിക്ഷേപ പരാമര്‍ശം നടത്തിയ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം പുറത്താക്കിയെങ്കിലും ടൂറിസത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് മാലദ്വീപ്. മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. സഹമന്ത്രിമാരായ മാല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.

ഉത്തരവാദപ്പെട്ട മന്ത്രിമാര്‍ തന്നെ ഇന്ത്യയെ പ്രകോപിപ്പിച്ചത് മാലദ്വീപ് ടൂറിസത്തിന് ഉണ്ടാക്കുന്ന തിരിച്ചടി ചെറുതാവില്ലെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടര ലക്ഷത്തോളം ഇന്ത്യക്കാരാണ് ഓരോ വര്‍ഷവും മാലദ്വീപ് സന്ദര്‍ശിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപഹസിക്കുന്ന ഭാഷ ഉപയോഗിച്ച മാലദ്വീപ് മന്ത്രിമാരുടെ കസേര തെറിച്ചത് മിന്നല്‍ വേഗത്തിലാണ്. മാലദ്വീപ് മന്ത്രി മറിയം ഷിവുന തുടങ്ങിവെച്ച അധിക്ഷേപം വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത അടിയാകും എന്ന് കണ്ടാണ് മാലദ്വീപ് എത്രയും വേഗം തിരുത്തല്‍ നടപടി സ്വീകരിച്ചത്. പക്ഷെ അതുകൊണ്ടൊന്നും ഇന്ത്യയില്‍ സമൂഹമാധ്യമങ്ങളില്‍ ആളിപ്പടരുന്ന മാലദ്വീപ് വിരുദ്ധ വികാരം ശമിച്ചിട്ടില്ല. വിനോദസഞ്ചാരം മുഖ്യ വരുമാന മാര്‍ഗങ്ങളില്‍ ഒന്നായ മാലദ്വീപില്‍ ഓരോ വര്‍ഷവും 16 ലക്ഷം സഞ്ചാരികള്‍ എത്തുന്നുണ്ട്.

ആകെ അഞ്ചു ലക്ഷം ജനങ്ങള്‍ മാത്രമുള്ള മാലദ്വീപില്‍ ഇരുപത്തി അയ്യായിരം പേര്‍ ടൂറിസം മേഖലയില്‍ ആണ് ജോലി ചെയ്യുന്നത്. മാലദ്വീപിന്റെ ദേശീയ വരുമാനത്തിന്റെ 28 ശതമാനം വിനോദസഞ്ചാരത്തില്‍ നിന്നാണ് ലഭിക്കുന്നത്. മാലദ്വീപില്‍ എത്തുന്ന സഞ്ചാരികളില്‍ 16 ശതമാനം ഇന്ത്യക്കാരാണുള്ളത്. ഭൂമിശാസ്ത്രപരമായി ഇന്ത്യയോട് ഏറെ അടുത്ത ഈ ദ്വീപ സമൂഹത്തോട് എന്നും സഞ്ചാരപ്രിയരായ ഇന്ത്യക്കാര്‍ക്ക് പ്രത്യേക ഇഷ്ടവും ഉണ്ടായിരുന്നു. ആ ടൂറിസം സഹകരണത്തെയാണ് മാലദ്വീപ് മന്ത്രിയുടെ വിവാദ പരാമര്‍ശം ഗുരുതരമായി ബാധിച്ചിരിക്കുന്നത്. വിവാദം ചൂടുപിടിച്ചതോടെ ഇന്ത്യയിലെ ചലച്ചിത്ര, ക്രിക്കറ്റ് താരങ്ങളടക്കമുള്ളവര്‍ മാലദ്വീപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അക്ഷയ് കുമാര്‍, ജോണ്‍ എബ്രഹാം, ശ്രദ്ധ കപൂര്‍, സല്‍മാന്‍ ഖാന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ മാലദ്വീപ് മന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചും മാലദ്വീപിനേക്കാള്‍ മനോഹര ഇടമായി ലക്ഷദ്വീപിനെ ചൂണ്ടിക്കാട്ടിയും രംഗത്തെത്തി.

Other News in this category



4malayalees Recommends