ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി. പ്രതികളുടെ ശിക്ഷയിളവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് ബിവി നാഗരത്‌ന അദ്ധ്യക്ഷയായ ബഞ്ചിന്റെതാണ് ഉത്തരവ്. ശിക്ഷയിളവ് നല്‍കുന്നതിനു മുന്‍പ് വിചാരണ കോടതി ജഡ്ജിയുടെ അഭിപ്രായം തേടണമായിരുന്നു എന്ന് വിധി പ്രസ്താവത്തില്‍ പറഞ്ഞു.
സാമൂഹ്യ പ്രവര്‍ത്തകര്‍ കക്ഷി ചേര്‍ന്നത് അംഗീകരിച്ച കോടതി ഇരയുടെ നിലവിലുള്ള സാമൂഹ്യ സാഹചര്യം ശിക്ഷാ ഇളവ് നല്‍കുന്നതില്‍ പ്രധാനമാണ് എന്ന് കോടതി നിരീക്ഷിച്ചു. ഗുജറാത്ത് സര്‍ക്കാരിന് പ്രതികളെ വിട്ടയക്കാന്‍ അവകാശമില്ല. വിചാരണ നടന്ന മഹാരാഷ്ട്രയിലെ സര്‍ക്കാരിനായിരുന്നു അവകാശമെന്നും സുപ്രീംകോടതി പറഞ്ഞു. പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ് ശിക്ഷ വിധിക്കുന്നത്. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. ഒരു സ്ത്രീ ഏതു വിഭാഗത്തില്‍ പെട്ടതാണെങ്കിലും സമൂഹത്തില്‍ ബഹുമാനം അര്‍ഹിക്കുന്നുവെന്ന് കോടതി പറഞ്ഞു.
കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലിയും ടിഎംസി നേതാവ് മഹുവ മൊയ്ത്രയും അടക്കം സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്.