നടന്റെ യഷിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫ്‌ലക്‌സ് കെട്ടുന്നതിനിടയില്‍ അപകടത്തില്‍പെട്ട് മരിച്ച ആരാധകരുടെ വീട്ടിലെത്തി താരം. അനുശോചനമറിയിച്ച യഷ് തന്നോട് സ്‌നേഹം പ്രകടിപ്പിക്കേണ്ട രീതി ഇതായിരുന്നില്ല എന്നും പറഞ്ഞു. നിങ്ങള്‍ എവിടെയായിരുന്നാലും, നിങ്ങള്‍ എന്നെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഇതുപോലുള്ള ദാരുണമായ സംഭവങ്ങള്‍ ഈ ജന്മദിനത്തില്‍ എന്നെ ഏറെ വേദിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ് ചെയ്യുന്നത്, യഷ് പറഞ്ഞു.
'ആരാധന പ്രകടിപ്പേക്കണ്ടത് ഇങ്ങനെയല്ല. ദയവായി നിങ്ങളുടെ സ്‌നേഹം ഈ തരത്തില്‍ കാണിക്കരുത്. വലിയ ബാനറുകള്‍ തൂക്കരുത്, സിനിമയിലേത് പോലെ ബൈക്ക് ചേസ് ചെയ്യരുത്, അപകടകരമായ സെല്‍ഫികള്‍ എടുക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്റെ എല്ലാ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ജീവിതത്തില്‍ നിങ്ങള്‍ ഉയരങ്ങളിലെത്താന്‍ ശ്രമിക്കുക', നടന്‍ വ്യക്തമാക്കി.
'നിങ്ങള്‍ എന്റെ ഒരു യഥാര്‍ത്ഥ ആരാധകനാണെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ ജീവിതം നിങ്ങള്‍ക്കായി സമര്‍പ്പിക്കുക, സന്തോഷവും വിജയവും നേടുക. നിങ്ങളുടെ കുടുംബങ്ങള്‍ക്ക് എല്ലാം നിങ്ങളാണ്, അവര്‍ക്ക് അഭിമാനികരമാകുന്ന പ്രവര്‍ത്തികള്‍ ചെയ്യുക', യഷ് കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച്ച രാത്രി 11മണിക്കായിരുന്നു യഷ് ആരാധകരുടെ അപകട മരണം. 25 അടിയുള്ള യഷിന്റെ കട്ടൗട്ട് കെട്ടുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷേക്കേറ്റ് വീഴുകയായിരുന്നു. മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ മറ്റ് മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.