നാല് വയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ സംരംഭക അറസ്റ്റില്‍. സുചേന സേത്ത്(39) ആണ് പൊലീസ് കസ്റ്റഡിയിലായത്. കുട്ടിയുടെ മൃതദേഹം ബാഗിലാക്കി നോര്‍ത്ത് ഗോവയില്‍ നിന്ന് ബംഗളൂരുവിലേക്ക് ടാക്‌സിയില്‍ മടങ്ങുമ്പോഴായിരുന്നു സുചേന പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് സുചേന ഗോവയില്‍ നിന്ന് ബംഗളൂരുവിലേക്ക് മടങ്ങിയത്.
ശനിയാഴ്ച കുഞ്ഞുമായി ഹോട്ടലില്‍ മുറിയെടുത്ത പ്രതി കഴിഞ്ഞ ദിവസം രാവിലെ ഒറ്റയ്ക്ക് മടങ്ങുന്നത് കണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. ഇവര്‍ പോയതിന് പിന്നാലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് മുറിയില്‍ രക്തക്കറ കണ്ടത്. ജീവനക്കാര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയ്ക്ക് ശേഷം കര്‍ണാടക പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പ്രതി ബംഗളൂരുവിലേക്ക് യാത്ര തിരിച്ച ടാക്‌സി ഡ്രൈവറെ പൊലീസ് ഫോണില്‍ ബന്ധപ്പെട്ടു. മകനെ സുഹൃത്തിന്റെ വീട്ടിലാക്കിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ സുഹൃത്തിന്റേതെന്ന് പറഞ്ഞ് പ്രതി നല്‍കിയ വിലാസം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.
പിന്നാലെ ടാക്‌സി ഡ്രൈവറെ വീണ്ടും ബന്ധപ്പെട്ട് യുവതിയെ അടുത്ത പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കര്‍ണാടകയിലെ അയ്മംഗല പൊലീസ് സ്റ്റേഷനില്‍ ഡ്രൈവര്‍ യുവതിയെ എത്തിച്ചു. ഗോവ പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം അയ്മംഗല പൊലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
എന്നാല്‍ യുവതി മകനെ കൊലപ്പെടുത്തിയ കാരണം പൊലീസിന് വ്യക്തമല്ല. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ ഗോവയിലെത്തിക്കും.