നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് ; അമ്മ സുചനയും ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്

നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് ; അമ്മ സുചനയും ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്
നാലുവയസുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ സ്റ്റാര്‍ട്ടപ്പ് സിഇഒ സുചനയും ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. കൈഞരമ്പ് മുറിച്ചാണ് സുചന സേഥ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഗോവയില്‍ ഇവര്‍ താമസിച്ചിരുന്ന സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലെ കിടക്കയിലെ പുതപ്പിലുള്ളത് ഇവരുടെ രക്തക്കറയാണെന്നും കൈയില്‍ മുറിവുകള്‍ ഉണ്ടെന്നും മകന്‍ മരിച്ച ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന് സുചന മൊഴി നല്‍കിയെന്നും പൊലീസ് വിശദീകരിക്കുന്നു.

അപ്പാര്‍ട്ട്‌മെന്റിലെ കിടക്കയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നതെന്ന് സുചന സമ്മതിച്ചു. ശ്വാസം മുട്ടിയാണ് മരണമെന്ന് കുട്ടിയുടെ ഓട്ടോപ്‌സി റിപ്പോര്‍ട്ടിലുമുണ്ട്. കുട്ടിയുടെ കഴുത്തിലോ ദേഹത്തോ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല. മാപുസ കോടതിയില്‍ ഹാജരാക്കിയ സുചന സേഥിനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സുചനയുടെ ഭര്‍ത്താവ് വെങ്കട്ട് ഇന്ത്യയിലെത്തി, ചിത്രദുര്‍ഗയിലെ ആശുപത്രിയിലെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു സുചന. ഇവരുടെ വിവാഹമോചനക്കേസ് അതിന്റെ അന്തിമഘട്ടത്തിലാണ്. അതേസമയം കുട്ടിയെ കൊല്ലാനുദ്ദേശിച്ചിരുന്നില്ലെന്ന് സുചനയുടെ മൊഴിയിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പെട്ടെന്നുള്ള ദേഷ്യത്തിലാണ് കുട്ടിയുടെ മുഖത്ത് തലയിണ വച്ച് അമര്‍ത്തിയത്. കുട്ടി മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരിഭ്രാന്തയായി, അപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും സുചനയുടെ മൊഴി. ഭര്‍ത്താവും കുടുംബവും കുഞ്ഞിനെ കാണാനെത്തുന്നത് ഒഴിവാക്കാനാണ് ഗോവയ്ക്ക് പോയതെന്നും സുചന മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ അഭിഭാഷകസഹായം ഇല്ലാതെ ഒന്നും പറയില്ലെന്നായിരുന്നു സുചന പറഞ്ഞത്.

Other News in this category



4malayalees Recommends