റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടകയിലെ ചിക്കബല്ലപുരയിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പ്രസവിച്ചത്. ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തിയതിന് പിന്നാലെ വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഈ മാസം ഒമ്പതിന് പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ പോക്‌സോ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. തുമകുരു ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. ഹോസ്റ്റലില്‍ ആയിരുന്നു താമസം. ബാഗേപള്ളിയിലെ വീട്ടിലെത്തിയ പെണ്‍കുട്ടി വയറുവേദനയാണെന്ന് പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സ്‌കാനിങ് നടത്തിയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലാകുന്നതെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയ്ക്ക് ഭാരക്കുറവുണ്ടെങ്കിലും കുഞ്ഞ് സുഖമായിരിക്കുന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കിയ കൗണ്‍സിലിങ്ങില്‍, സ്‌കൂളിലെ സീനിയര്‍ ആയ വിദ്യാര്‍ത്ഥിയാണ് തന്നെ ഗര്‍ഭിണിയാക്കിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍, ചോദ്യംചെയ്യലില്‍ ഇക്കാര്യം ആ ആണ്‍കുട്ടി നിഷേധിച്ചു. പെണ്‍കുട്ടി മൊഴികളില്‍ ഉറച്ചുനില്‍ക്കുന്നില്ലെന്നും സ്‌കൂളിലെ സീനിയറായ മറ്റൊരു ആണ്‍കുട്ടിയുടെ പേര് പറഞ്ഞെന്നും പോലീസ് പറയുന്നു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ അറസ്റ്റുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയോ മാതാപിതാക്കളോ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ തയ്യാറാകുന്നില്ലെന്നും ഇവരെ കൗണ്‍സിലിങ്ങിന് വിധേയരാക്കിയെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് തുമകുരു ജില്ലാ ഭരണകൂടമാണ് ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തത്.