അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ ബാഗിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ കവര്‍ന്നു ; റോഡില്‍ കിടന്ന് വ്യാപാരിയ്ക്ക് ദാരുണാന്ത്യം
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആളെ രക്ഷിക്കാതെ പണം കവര്‍ന്ന് കടന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം. അപകടത്തില്‍പ്പെട്ടയാളുടെ ബാഗിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയാണ് കവര്‍ന്ന നാട്ടുകാര്‍ ആളെ റോഡില്‍ ഉപേക്ഷിച്ച് കടന്നു. അപകടത്തില്‍പ്പെട്ടയാള്‍ റോഡില്‍ കിടന്ന് മരിച്ചു. ആഗ്ര സ്വദേശിയും വ്യാപാരിയുമായ ധര്‍മ്മേന്ദ്രകുമാര്‍ ഗുപ്തക്കാണ് ദാരുണ അന്ത്യം നേരിടേണ്ടി വന്നത്.
കഴിഞ്ഞ ചൊവാഴ്ച്ചയായിരുന്നു സംഭവം. ക്ഷീര വ്യാപാരിയായിരുന്ന ധര്‍മ്മേന്ദ്ര കുമാര്‍ ഗുപ്ത മഥുരയില്‍ നിന്നും ആഗ്രയിലെ തന്റെ വീട്ടിലേക്ക് ഇരുചക്ര വാഹനത്തില്‍ വരുകയായിരുന്നു. ഗുപ്തയുടെ ബാഗില്‍ 1.5 ലക്ഷം രൂപയും ഉണ്ടായിരുന്നു. അമിതവേഗതയിലെത്തിയ ട്രക്ക് ധര്‍മ്മന്ദ്ര ഗുപ്തയുടെ ഇരുചക്ര വാഹനമടക്കമുളള 20 വാഹനങ്ങളുമായി കൂട്ടിമുട്ടി. ദില്ലി ആഗ്ര ദേശീയ പാതയിലായിരുന്നു അപകടം. അപകടത്തില്‍ റോഡില്‍ തെറിച്ച് വീണ ഗുപ്തക്ക് ഗുരുതരപരിക്കേറ്റു.
സ്ഥലത്ത് ഓടികൂടിയ ജനകൂട്ടം പരിക്കേറ്റ ഗുപ്തയെ ആശുപത്രിയിലെത്തിക്കാതെ ഗുപ്തയുടെ ബാഗിലുണ്ടായിരുന്ന 1.5 ലക്ഷം രൂപ കവരുകയായിരുന്നു. ഗുപ്തയെ കാണാതായതിനെതുടര്‍ന്ന് അന്വേഷിച്ച് എത്തിയ ബന്ധുക്കള്‍ തകര്‍ന്ന ഇരുചക്ര വാഹനവും റോഡില്‍ കിടന്ന ബാഗും കണ്ട ശേഷം പൊലീസുമായി ബന്ധപ്പെട്ടു. ഗുപ്തയെ ആശുപത്രിയിലെത്തിച്ചെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചെങ്കിലും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ ഗുപ്ത മരിച്ചു. പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.