അയോധ്യരാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വിചിത്ര പ്രതികരണവുമായി ബിഹാര്‍ മന്ത്രി തേജ് പ്രതാപ് യാദവ്. ജനുവരി 22 ന് താന്‍ അയോധ്യയില്‍ വരില്ലെന്ന് ശ്രീരാമന്‍ സ്വപ്നത്തില്‍ വന്ന് പറഞ്ഞതായാണ് അവകാശവാദം.പട്‌നയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് തേജ് പ്രതാപ് യാദവ് ഇക്കാര്യം വെളിപ്പെടുത്തിയത്.സ്വന്തം നേട്ടത്തിനായി രാജ്യത്തെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പിശാചാണ് രാഷ്ട്രീയ സ്വയം സേവക് സംഘമെന്നും മന്ത്രി പറഞ്ഞു.
'തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാമനെ ഇവര്‍ മറക്കും, ജനുവരി 22ന് ഭഗവാന്‍ വരണമെന്നത് നിര്‍ബന്ധമാണോ? നാല് ശങ്കരാചാര്യരുടെ സ്വപ്നത്തില്‍ രാമന്‍ പ്രത്യക്ഷപ്പെട്ടു. രാമന്‍ എന്റെ സ്വപ്നത്തിലും വന്നു, ജനുവരി 22 ന് താന്‍ അയോധ്യയില്‍ വരില്ലെന്ന് പറഞ്ഞു'
ആദിശങ്കരാചാര്യര്‍ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന മഠങ്ങളിലെ മഠാധിപതിമാരായ നാല് ശങ്കരാചാര്യര്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെ പരാമര്‍ശിക്കവെയായിരുന്നു വിചിത്ര പ്രസ്താവന നടത്തിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നേരത്തെയും വിവാദ പരാമര്‍ശം നടത്തി വാര്‍ത്തകളില്‍ ഇടം പിടിച്ച തേജ് പ്രതാപ് യാദവ് ലാലുപ്രസാദ് യാദവിന്റെ മകനാണ്.