ജല്ലിക്കെട്ട് മത്സരത്തിനായി എത്തിച്ച കാളയെ കൊണ്ട് ജീവനുള്ള പൂവന്‍കോഴിയെ തീറ്റിച്ച സംഭവത്തില്‍ യുട്യൂബര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സേലം ചിന്നപ്പട്ടിയിലെ യുട്യൂബറായ രാഘു, സുഹൃത്തുക്കളായ രണ്ടു പേര്‍ക്കുമെതിരെയാണ് കേസ്. 2023 ഡിസംബര്‍ 22ന് അപ്ലോഡ് ചെയ്ത വീഡിയോ വൈറലായതോടെ ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍ ഫോര്‍ ക്യാറ്റില്‍ ഇന്ത്യയുടെ പ്രവര്‍ത്തകന്‍ അരുണ്‍ പ്രസന്ന നല്‍കിയ പരാതിയിലാണ് കേസ്.
ജല്ലിക്കൊട്ട് കാളയെ കൊണ്ട് ജീവനുള്ള കോഴിയെ ബലമായി തീറ്റിപ്പിക്കുന്ന വീഡിയോ അടുത്തിടെയാണ് വൈറലായത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരാതിയുമായി അരുണ്‍ പ്രസന്ന പൊലീസിനെ സമീപിച്ചത്. 'ജീവനുള്ള കോഴിയെയാണ് കാളയെ നിര്‍ബന്ധിച്ച് തീറ്റിച്ചത്. അവരില്‍ രണ്ടുപേര്‍ കാളയുടെ കൊമ്പ് ബലമായി പിടിച്ചുവച്ചു.' ഇതിനിടെ ഒരാള്‍ കോഴിയെ കാളയുടെ വായിലിറക്കി തീറ്റിപ്പിക്കുകയും മറ്റൊരാള്‍ വീഡിയോ പകര്‍ത്തുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
വ്യാഴാഴ്ചയാണ് രഘുവിനും സംഘത്തിലെ മറ്റു രണ്ട് പേര്‍ക്കുമെതിരെ കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് രഘുവിനെതിരെയും സംഘത്തിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് താരമംഗലം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതാദ്യമായാണ് ഒരു സസ്യഭുക്കിന് ജീവനുള്ള കോഴിയെ ഭക്ഷണമായി നല്‍കുന്ന സംഭവം കാണുന്നതെന്നും പൊലീസ് പറഞ്ഞു.