ഏദന്‍ ഉള്‍ക്കടലില്‍ ഹൂതികള്‍ ആക്രമിച്ച അമേരിക്കന്‍ കപ്പലിനെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന. ഹൂതികളെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് അമേരിക്കന്‍ കപ്പലായ ജെന്‍കോ പിക്കാര്‍ഡിക്കു നേരെ ഏദന്‍ ഉള്‍ക്കടലില്‍ ഡ്രോണ്‍ ആക്രമണം നടന്നത്.
തീപിടിച്ച കപ്പലിലെ ജീവനക്കാരെ രക്ഷിച്ചെടുത്ത് ഇന്ത്യന്‍ നാവികസേന സംഘമാണ്. ഒമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ രക്ഷിക്കാന്‍ മേഖലയില്‍ വിന്യസിച്ചിരുന്ന യുദ്ധക്കപ്പല്‍ വഴിതിരിച്ചുവിട്ടതായി ഇന്ത്യ അറിയിച്ചു.
വിക്ഷേപണത്തിന് തയ്യാറായ 14 ഹൂതി മിസൈല്‍ തകര്‍ത്തതായി അമേരിക്ക വ്യക്തമാക്കി.യമനിലെ ഹൂതി നിയന്ത്രിത കേന്ദ്രങ്ങളിലേക്ക് അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണം നടത്തി. അടുത്തിടെ നാലാം തവണയാണ് ഹൂതി കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിക്കുന്നത്.
ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഹൂതികളുടെ നിലപാട്. ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശത്തിനുള്ള മറുപടിയാണ് തങ്ങളുടെ ആക്രമണമെന്നും ഹൂതികള്‍ വ്യക്തമാക്കുന്നു.