മധ്യപ്രദേശില്‍ സിവില്‍ സര്‍വീസ് കോച്ചിങ് ക്ലാസിനിടെ വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്‍ഡോറിലാണ് സംഭവം. സാഗര്‍ സ്വദേശിയായ രാജേഷ് ലോധിയാണ് (20)മരിച്ചത്.
മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു രാജേഷ്. നഗരത്തിലെ ഒരു കോച്ചിങ് കേന്ദ്രത്തിലായിരുന്നു പഠനം. ക്ലാസില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം.ക്ലാസിനിടയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ത്ഥി അസ്വസ്ഥനായി ഡെസ്‌കില്‍ തലവയ്ക്കുന്നതും കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.
സഹപാഠികള്‍ ഓടിക്കൂടി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങി. ക്ലാസിനിടെ വിദ്യാര്‍ത്ഥിക്ക് ഹൃദയാഘാതം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.