ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുകയാണെങ്കില്‍ 15 വര്‍ഷത്തിലൊരിക്കല്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ 10,000 കോടി രൂപ വേണ്ടി വരുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ഇവിഎമ്മുകള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ 2029ല്‍ മാത്രമേ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനാകൂവെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' സംബന്ധിച്ച് കേന്ദത്തിന് കമ്മീഷന്‍ നല്‍കിയ കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 15 വര്‍ഷമാണ് ഇവിഎമ്മുകളുടെ കാലാവധി. ഒരു സെറ്റ് ഇവിഎം മൂന്ന് തിരഞ്ഞെടുപ്പുകള്‍ക്കേ ഉപയോഗിക്കാന്‍ കഴിയൂ. ഓരോ പതിനഞ്ച് വര്‍ഷവും ഇവിഎമ്മുകള്‍ വാങ്ങേണ്ടി വരും. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് നടത്തുന്നതെങ്കില്‍ വോട്ടെടുപ്പിന് രണ്ട് സെറ്റ് ഇവിഎം വേണ്ടിവരും.
യന്ത്രങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവുകള്‍ക്ക് പുറമേ സുരക്ഷാ ഉദ്യോഗസ്ഥര്‍, വാഹനങ്ങള്‍ തുടങ്ങിയവയും ആവശ്യമായി വരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. യന്ത്രങ്ങളുടെ എണ്ണം കൂടുമെന്നതിനാല്‍ ഇവ സൂക്ഷിക്കാനും വിതരണം ചെയ്യാനും കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കേണ്ടിവരും തുടങ്ങിയ കാര്യങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.