അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ പൊതു അവധിക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി, ഇന്ന് പരിഗണിക്കും

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ പൊതു അവധിക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി, ഇന്ന് പരിഗണിക്കും
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനമായ ജനുവരി 22ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ച നടപടിയെ ചോദ്യം ചെയ്ത് ഹര്‍ജി. നാലു നിയമവിദ്യാര്‍ത്ഥികളാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊതുതാല്‍പര്യ ഹര്‍ജി ഇന്നു രാവിലെ 10.30ന് കോടതി പരിഗണിക്കും.

മതപരമായ ചടങ്ങ് ആഘോഷിക്കാന്‍ പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വം എന്ന തത്വത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. ജസ്റ്റിസുമാരായ ജിഎസ് കുല്‍ക്കര്‍ണി, നീല ഗോഖലെ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

എംഎന്‍എല്‍യു, മുംബൈ, ജിഎല്‍സി, എന്‍ഐആര്‍എംഎ ലോ സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ശിവാംഗി അഗര്‍വാള്‍, സത്യജീത് സിദ്ധാര്‍ഥ് സാല്‍വെ, വേദാന്ത് ഗൗരവ് അഗര്‍വാള്‍, ഖുഷി സന്ദീപ് ബാംഗി എന്നീ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

അതേസമയം അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിനും ഓഹരി വിപണികള്‍ക്കും അവധിയാണ്. കൂടാതെ, എന്‍ഡിഎ ഭരിക്കുന്ന പന്ത്രണ്ട് സംസ്ഥാനങ്ങളും ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദള്‍ സര്‍ക്കാരുള്ള ഒഡീഷയും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരും ഉച്ചയ്ക്ക് രണ്ടര വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends