രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലും അതിന് മുമ്പും സംഘര്‍ഷം നടന്ന സ്ഥലങ്ങളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കി മുംബൈ പൊലീസ്. മുംബൈ മീരാ റോഡിലുളള കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. പ്രദേശത്ത് പ്രതിഷ്ഠാ ദിനത്തിന് മുമ്പും ശേഷവും സംഘര്‍ഷം ഉണ്ടായിരുന്നു.
പൊലീസിന്റേയും സുരക്ഷാ സേനയുടെയും അകമ്പടിയോടെയാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയത്. 15 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. സംഘര്‍ഷത്തില്‍ ആളുകള്‍ പരസ്പരം കല്ലെറിയുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ മീരാ റോഡിലെ നയാ നഗര്‍ മേഖലയിലൂടെ ശ്രീരാമ ശോഭ യാത്ര കടന്നുപോകുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇതില്‍ പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു.
അറസ്റ്റിലായവരുടെ അനധികൃത കയ്യേറ്റങ്ങളാണ് പൊളിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.
'പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കേസില്‍ ഇതുവരെ 13 പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മറ്റ് പ്രതികളെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല' ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ജയന്ത് ബജ്ബലെ പറഞ്ഞു. ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആരംഭിച്ച ബുള്‍ഡോസര്‍ രാജ് ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും പിന്തുടരുകയാണ്.