ബിഹാര്‍ രാഷ്ട്രീയത്തില്‍ വീണ്ടും രാഷ്ട്രീയ നാടകങ്ങള്‍. നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎ മുന്നണിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. എല്ലാ ജെഡിയു എംഎല്‍എമാരോടും പട്‌നയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പട്‌നയില്‍ ജെഡിയുവും ആര്‍ജെഡിയും നിര്‍ണായക നേതൃയോഗങ്ങള്‍ ചേര്‍ന്നു. പ്രശ്‌നം പരിഹരിക്കാന്‍ ലാലു പ്രസാദ് യാദവ് നിതീഷ് കുമാറുമായി സംസാരിച്ചു.
സോഷ്യലിസ്റ്റ് നേതാവ് കര്‍പ്പൂരി താക്കൂറിന് കേന്ദ്രസര്‍ക്കാര്‍ ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിഹാര്‍ രാഷ്ട്രീയം വീണ്ടും കലുഷിതമായത്. താനും കര്‍പ്പൂരി താക്കൂറും കുടുംബ രാഷ്ട്രീയത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരല്ല, എന്നാല്‍ അതിനായി മാത്രം പ്രവര്‍ത്തിക്കുന്ന ചിലരുണ്ടെന്ന് ലാലു പ്രസാദ് യാതവിനെ ഉന്നം വെച്ച് നിതീഷ് കുമാറിന്റെ ഒളിയമ്പ്.
കാറ്റ് പോലെ രാഷ്ട്രീയം മാറുന്ന നേതാവാണ് നിതീഷെന്ന് ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ നിതീഷുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി ജെഡിയു നേതാവ് കെ.സി ത്യാഗിയുമായി ഫോണില്‍ സംസാരിച്ചു. എല്ലാ ജെഡിയു എംഎല്‍എമാരെയും പട്‌നയിലേക്ക് വിളിപ്പിച്ചു എന്നാണ് വിവരം.
പ്രശ്‌നം പരിഹരിക്കാന്‍ ലാലു പ്രസാദ് യാദവ് നിതീഷ് കുമാറുമായി ഫോണില്‍ സംസാരിച്ചു. വൈകിട്ട് നിതീഷിന്റെ വീട്ടില്‍ ജെഡിയു ഉന്നത നേതാക്കളും, ആര്‍ജെഡി നേതൃത്വം റാബ്രി ദേവിയുടെ വീട്ടിലും യോഗം ചേര്‍ന്നു. എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനുള്ള സാധ്യതകളും ആര്‍ജെഡി പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിഹാറിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ, സാമ്രാട്ട് ചൗദരി, സുശീല്‍ കുമാര്‍ മോദി എന്നിവരെ ബിജെപി നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.