റിപ്പബ്ലിക് ദിന പരേഡില്‍ നാരീ ശക്തിയുടെ പ്രകടനം

റിപ്പബ്ലിക് ദിന പരേഡില്‍ നാരീ ശക്തിയുടെ പ്രകടനം
രാജ്യം 75ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് മുഖ്യ അതിഥിയായി എത്തുന്നത്. സമസ്ത വിഭാഗങ്ങളിലും സ്ത്രീകള്‍ അണിനിരക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ഇത്തവണത്തെ പ്രത്യേകത. രാവിലെ 10.30 നാണ് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത്. 90 മിനിറ്റ് നീണ്ടു നില്‍ക്കുന്ന പരേഡില്‍ കാഴ്ചക്കാരുടെ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ ഉണ്ടാകും.

വികസിത ഭാരതമെന്ന ലക്ഷ്യത്തിനൊപ്പം രാജ്യത്തിന്റെ നാരീ ശക്തിയുടെ പ്രകടനവുമാകും റിപ്പബ്ലിക് ദിന പരേഡ്. റിപ്പബ്ലിക് ദിന പരേഡില്‍ ആദ്യമായി മൂന്ന് സേനകളില്‍ നിന്നുള്ള വനിതാ ഓഫിസര്‍മാരുടെ സംഘം ഒന്നിച്ച് മാര്‍ച്ച് ചെയ്യും. കരനാവിക വ്യോമ സേനകളിലെ 144 പേരാണ് പ്രത്യേക സംഘമായി മാര്‍ച്ച് ചെയ്യുക. സൈനിക മേഖലയിലെ സ്ത്രീ പ്രാതിനിധ്യം കൂടാതെ സാംസ്‌കാരിക കലാ മേഖലയില്‍ നിന്നുള്ള 100 പേര്‍ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കും. ഡല്‍ഹി പൊലീസ് സംഘത്തെ നയിക്കുന്നത് മലയാളി ഡിസിപി ശ്വേത കെ സുഗതനാണ്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹി പൊലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതയാകുകയാണ് തൃശ്ശൂര്‍ ചാലക്കുടി സ്വദേശിനി ശ്വേത കെ സുഗതന്‍ ഐപിഎസ്.

ഫ്രാന്‍സില്‍ നിന്നുള്ള 90 അംഗ സൈന്യവും 30 അംഗ ബാന്‍ഡ് സംഘവും പരേഡില്‍ പങ്കെടുക്കും. 13,000 വിശിഷ്ട അതിഥികള്‍ക്കാണ് റിപ്പബ്ലിക് ദിനം പരേഡ് കാണാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെട്രോ സ്റ്റേഷനുകള്‍, റെയില്‍ വേ സ്റ്റേഷനുകള്‍ വിമാനത്താവളം അടക്കം തന്ത്ര പ്രധാന ഇടങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.



Other News in this category



4malayalees Recommends