വീട്ടുജോലിക്കാരിക്ക് ക്രൂരമര്‍ദ്ദനം; പൊള്ളലേല്‍പ്പിച്ചു; ഡിഎംകെ എംഎല്‍എയുടെ മകനും മരുമകളും അറസ്റ്റില്‍

വീട്ടുജോലിക്കാരിക്ക് ക്രൂരമര്‍ദ്ദനം; പൊള്ളലേല്‍പ്പിച്ചു; ഡിഎംകെ എംഎല്‍എയുടെ മകനും മരുമകളും അറസ്റ്റില്‍
വീട്ടില്‍ ജോലിക്ക് നിന്നിരുന്ന പെണ്‍കുട്ടിയെ മര്‍ദിക്കുകയും പൊള്ളലേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ഡിഎംകെ എംഎല്‍എയുടെ മകനും മരുമകളും അറസ്റ്റില്‍. ഇരുവരും ഒളിവില്‍ പോയിരുന്നു. പിന്നാലെയാണ് അറസ്റ്റ്.

ദലിത് യുവതിയെ മര്‍ദിച്ചു പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പട്ടികജാതി അതിക്രമ നിരോധന നിയമം ഉള്‍പ്പെടെ 6 വകുപ്പുകളിലായി പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇവര്‍ ഒളിവില്‍ പോയത്.

ഡി എം കെ എം എല്‍ എ ഐ കരുണാനിധിയുടെ മകനായ ആന്റോ മണിവാണന്‍, ഭാര്യ മെര്‍ലിന്‍ എന്നിവരെ ആന്ധ്രയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ചോദ്യം ചെയ്ത ശേഷം ചെന്നൈയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കും. ഡിഎംകെ പല്ലാവരം എംഎല്‍എയാണ് ഐ.കരുണാനിധി

മെര്‍ലിനും അന്റോയ്ക്കും എതിരെ ഉളുന്ദൂര്‍പ്പെട്ട് സ്വദേശിനി രേഖ (18)യാണ് പീഡനം ആരോപിച്ചു രംഗത്ത് എത്തിയത്. രേഖയുടെ മാതാവ് ചെന്നൈയിലെ ഒരു വീട്ടില്‍ വീട്ടുജോലി ചെയ്യുകയാണ്. 12–ാം ക്ലാസ് പൂര്‍ത്തിയാക്കിയ രേഖ ഏഴു മാസം മുന്‍പാണ് ചെന്നൈ തിരുവാണ്‍മിയൂരിലുള്ള ആന്റോയുടെ വീട്ടില്‍ ജോലിക്കായി എത്തിയത്.

ഇവിടെ വെച്ച് ദലിത് പെണ്‍കുട്ടിയായ രേഖയെ എംഎല്‍എയുടെ മകനും മരുമകളും ചേര്‍ന്ന് മര്‍ദിച്ചെന്നും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചെന്നുമാണ് പരാതി ഉയര്‍ന്നത്.

Other News in this category



4malayalees Recommends