ഭാരത് ജോഡോ ന്യായ് യാത്ര കൊണ്ട് എന്ത് പ്രയോജനം'; രാഹുല്‍ ആത്മ പരിശോധന നടത്തണമെന്ന് ജെഡിയു

ഭാരത് ജോഡോ ന്യായ് യാത്ര കൊണ്ട് എന്ത് പ്രയോജനം'; രാഹുല്‍ ആത്മ പരിശോധന നടത്തണമെന്ന് ജെഡിയു
ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാര്‍ രാജിവെക്കുമെന്നും ഇന്‍ഡ്യാ സഖ്യം വിടുമെന്നുമുളള അഭ്യൂഹങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ ജെഡിയു. ഭാരത് ജോഡോ ന്യായ് യാത്ര കൊണ്ട് എന്ത് പ്രയോജനമാണുളളതെന്ന് രാഹുല്‍ ആത്മ പരിശോധന നടത്തണമെന്ന് ജെഡിയു നേതാവ് നീരജ് കുമാര്‍ ആവശ്യപ്പെട്ടു. ഇന്‍ഡ്യാ മുന്നണിയില്‍ നിന്ന് സഖ്യകക്ഷികള്‍ എന്തുകൊണ്ട് അകലുന്നുവെന്ന് പരിശോധിക്കണം.

ഇന്‍ഡ്യാ മുന്നണിയെ തകര്‍ക്കുന്നത് കോണ്‍ഗ്രസ് എന്നും ജെഡിയു നേതാവ് നീരജ് കുമാര്‍ ആരോപിച്ചു. നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ ഉച്ചയ്ക്ക് ശേഷം ബിഹാറില്‍ എത്തും. ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് നിതീഷ് കുമാര്‍ സമയം തേടിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആര്‍ജെഡി കോണ്‍ഗ്രസ് മന്ത്രിമാരെ പുറത്താക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കും. നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനും ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകാനുമാണ് സാധ്യത.

ഇന്ന് രാവിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയു നിയസഭാകക്ഷി യോഗം നടന്നു. കോണ്‍ഗ്രസിലെ എംഎല്‍എമാരെ കൂറുമാറ്റി ഒപ്പമെത്തിക്കാന്‍ നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിതീഷ് കുമാറിനെ പിന്തുണച്ച് മുഴുവന്‍ ബിജെപി എംഎല്‍എമാരും നേതൃത്വത്തിന് കത്ത് കൈമാറി. ബിജെപി ജെഡിയു എംഎല്‍എമാര്‍ക്ക് നിതീഷ് കുമാറിന്റെ വസതിയിലാണ് ഇന്ന് ഉച്ചഭക്ഷണം.

Other News in this category



4malayalees Recommends