ദില്ലിയിലെ ആഡംബര ഹോട്ടലില്‍ താമസിച്ച് മുറിവാടകയിനത്തില്‍ ആറുലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. പൊലീസ് പരിശോധിച്ചപ്പോള്‍ യുവതിയുടെ അക്കൗണ്ടില്‍ 41 രൂപ മാത്രമാണുണ്ടായിരുന്നത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലാണ് 15 ദിവസം താമസിച്ചത്. യുവതിയുടെ യഥാര്‍ഥ വിലാസവും കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ലഭിക്കാന്‍ ദില്ലി പൊലീസ് ആന്ധ്രാപ്രദേശ് പൊലീസിന്റെ സഹായം തേടി.
പൊലീസ് സ്ത്രീയെ ചോദ്യം ചെയ്യുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. എന്നാല്‍, യുവതി ഞങ്ങളോട് സഹകരിച്ചില്ല. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചു. ഒടുവില്‍ ബാങ്കുമായി ബന്ധപ്പെട്ട് പൊലീസ് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ വെറും 41 രൂപ മാത്രമാണ് ഉണ്ടായിരുന്നത് പൊലീസ് ഉദ്യോ?ഗസ്ഥന്‍ പറഞ്ഞു. ഝാന്‍സി റാണി സാമുവല്‍ എന്നാണ് പേരെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ദില്ലി എയര്‍പോര്‍ട്ടിന് സമീപമുള്ള എയ്‌റോസിറ്റിയിലെ പുള്‍മാന്‍ ഹോട്ടലിലാണ് യുവതി താമസിച്ചത്. 5,88,176 രൂപയാണ് തട്ടിച്ചത്. ഹോട്ടല്‍ സ്പാ ഫെസിലിറ്റിയില്‍ ഇഷ ഡേവ് എന്ന യുവതിയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കി 2,11,708 രൂപയുടെ സേവനങ്ങളാണ് യുവതി ഹോട്ടലില്‍ നിന്ന് സ്വന്തമാക്കിയത്.
താന്‍ ഒരു ഡോക്ടറാണെന്നും തന്റെ ഭര്‍ത്താവും ഡോക്ടറാണെന്നും ന്യൂയോര്‍ക്കിലാണ് താമസിക്കുന്നതെന്നും അവര്‍ ആദ്യം പൊലീസിനോട് പറഞ്ഞു. ജനുവരി 13 ന് ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചന, ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റമാണ് ചുമത്തിയത്.