മത വികാരം വ്രണപ്പെട്ടു ; മണി ശങ്കര്‍ അയ്യരും മകളും താമസം മാറണമെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍
അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കും മകള്‍ക്കും വീട് ഒഴിയാന്‍ നോട്ടീസ് നല്‍കി റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍. അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ പ്രതിഷേധിച്ച് താന്‍ അന്നേദിവസം ഉപവാസമിരിക്കുമെന്ന് മണിശങ്കര്‍ അയ്യരുടെ മകള്‍ സുരണ്യ അയ്യര്‍ ജനുവരി 20ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വീട് ഒഴിയാന്‍ നോട്ടീസ് നല്‍കിയത്. മതവികാരം വ്രണപ്പടുത്തുന്ന തരത്തില്‍ പ്രതികരിക്കുന്നവരെ തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് വിശദീകരിച്ചാണ് നോട്ടീസ്.
കോളനിയിലെ സമാധാനം തകര്‍ക്കുന്നതോ താമസക്കാരുടെ മതവികാരം വ്രണപ്പെടുത്തുന്നതോ ആയ ഒരാളെയും ഇവിടെ നില്‍ക്കാന്‍ അനുവദിക്കില്ലെന്ന് നോട്ടീസില്‍ പറയുന്നു. ഇവിടെ നിന്നും നിങ്ങള്‍ക്ക് വീടൊഴിഞ്ഞ് പോകാമെന്നും ഇത്തരം വിദ്വേഷങ്ങള്‍ക്കെതിരെ കണ്ണടയ്ക്കുന്ന മറ്റേതെങ്കിലും കോളനിയില്‍ പോയി ജീവിക്കാമെന്നും നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 500 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സുപ്രിംകോടതി പറഞ്ഞ വിധിയ്ക്ക് പിന്നാലെയാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതെന്ന് മനസിലാക്കണമെന്നും ഇരുവര്‍ക്കും ലഭിച്ച നോട്ടീസില്‍ പറയുന്നു.