തലാഖു ചൊല്ലി വിവാഹമോചനം നേടിയ ഭര്‍ത്താവിനെതിരെ യുവതി നല്‍കിയ ഹര്‍ജിയില്‍ അനുകൂല വിധി. ഹര്‍ജിക്കാരിയായ യുവതിക്ക് സംരക്ഷണാവകാശമായും നഷ്ടപരിഹാരമായും 38,97,500 രൂപ നല്‍കാന്‍ കോടതിവിധിച്ചു. യുവതിക്ക് വിവാഹക്കാലത്ത് വന്ധ്യംകരിക്കപ്പെട്ടതിനാല്‍ ഗര്‍ഭധാരണശേഷി വീണ്ടെടുക്കാനുള്ള പുനര്‍ശസ്ത്രക്രിയ നടത്താന്‍ വേണ്ട രണ്ടരലക്ഷം രൂപയും നഷ്ടപരിഹാരത്തുകയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
യുവതി വേര്‍പിരിഞ്ഞ് താമസിച്ച കാലത്തെ വീട്ടുവാടകയും നഷ്ടപരിഹാരത്തില്‍ ഉള്‍പ്പെടുത്തി. കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് നസീബ് എ അബ്ദുള്‍റസാഖാണ് വിധി പ്രഖ്യാപിച്ചത്. വണ്ടിപ്പെരിയാര്‍ ടൗണിലെ വ്യാപാരിയായ പതാലില്‍ വീട്ടില്‍ ഷാജിയുടെ മകള്‍ അന്‍വറ പര്‍വീണ്‍ ആണ് ഹര്‍ജി നല്‍കിയത്.
2013 ജനുവരിയിലായിരുന്നു ബിരുദവിദ്യാര്‍ഥിനിയായിരുന്ന അന്‍വറയുടെ വിവാഹം നടന്നത്. കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ ഇര്‍ഷാദിന്റെ മകന്‍ തൗഫീഖ് മുഹമ്മദ് ആണ് യുവതിയെ വിവാഹം കഴിച്ചത്. രണ്ടുകുട്ടികള്‍ ജനിച്ചശേഷം കുടുംബപ്രശ്‌നങ്ങള്‍ തുടങ്ങി
പിന്നീട് 2018ല്‍ പാലാ കുടുംബക്കോടതിയില്‍ നല്‍കിയ വിവാഹമോചനക്കേസ് സുപ്രീംകോടതിവരെ എത്തി. ഇതിനിടെ, തൗഫീഖ് അന്‍വറയെ തലാഖുചൊല്ലി വിവാഹമോചനം നേടി. പുനര്‍വിവാഹവും കഴിച്ചു. ഇതോടെയാണ് ഭര്‍ത്താവില്‍നിന്ന് അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം തേടി അന്‍വറ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹര്‍ജി നല്‍കിയത്.
. വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ലഭിക്കേണ്ട സംരക്ഷണാവകാശവും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി നിലനില്‍ക്കുമ്പോള്‍ അന്‍വറ പുനര്‍വിവാഹിതയായതോടെ അതുവകെയുള്ള സംരക്ഷണാവകാശമായി 28,40,00 രൂപ നല്‍കാന്‍ കോടതി വിധിച്ചു. ഗര്‍ഭധാരണശേഷി വീണ്ടെടുക്കാനുള്ള ശസ്ത്രക്രിയയ്ക്ക് രണ്ടരലക്ഷവും ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് അഞ്ചുലക്ഷവും അനുവദിച്ചു.
ഭര്‍ത്താവും ഭര്‍ത്തൃപിതാവും ചേര്‍ന്ന് വീട്ടില്‍നിന്ന് പുറത്താക്കിയതിനാല്‍ വാടക വീട്ടില്‍ താമസിച്ചകാലത്തെ വാടകയിനത്തില്‍ 2,17,500 രൂപയും ഉള്‍പ്പെടെയാണ് 39 ലക്ഷം രൂപ വിധിച്ചിരിക്കുന്നത്.