കഴിഞ്ഞത് കഴിഞ്ഞു, ഇനി ഒറ്റ പള്ളിയും മുസ്‌ലിംകള്‍ വിട്ടുകൊടുക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഗ്യാന്‍വാപി, മഥുര പള്ളികളെച്ചൊല്ലി നടക്കുന്ന വിവാദങ്ങളിലാണ് ഉവൈസിയുടെ പ്രതികരണം. മതി, ഇനി ഒരു പള്ളിയും ഞങ്ങള്‍ വിട്ടുകൊടുക്കുന്നില്ല. ഞങ്ങള്‍ കോടതിയില്‍ പോരാടിക്കൊള്ളാം. മറുവിഭാഗം ഡിസംബര്‍ ആറ് ആവര്‍ത്തിക്കാനാണ് നോക്കുന്നതെങ്കില്‍ നമുക്കുകാണാം, എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന്. ഒരിക്കല്‍ വഞ്ചിക്കപ്പെട്ടതാണ്. ഇനിയും വഞ്ചനയ്ക്കിരയാകാനില്ല.' ഉവൈസി വ്യക്തമാക്കി.
വാപി വിഷയത്തില്‍ അനുരഞ്ജനത്തിനുള്ള സാധ്യകളെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു. ഇതിവിടെ അവസാനിക്കാന്‍ പോകുന്നില്ലെന്നു താന്‍ വ്യക്തമാക്കുകയാണ്. നിയമപരമായി ഞങ്ങള്‍ പോരാടും. ഞങ്ങളുടെ കൈയിലുള്ള രേഖകളെല്ലാം കോടതിയില്‍ കാണിച്ചോളാം. ഗ്യാന്‍വാപിയില്‍ ഞങ്ങള്‍ നമസ്‌കാരം തുടര്‍ന്നുവരുന്നതാണ്.
ബാബരി മസ്ജിദ് കേസില്‍ അവിടെ നമസ്‌കാരമൊന്നും നടക്കുന്നില്ലെന്നായിരുന്നല്ലോ വാദം. എന്നാല്‍, ഇവിടെ നിരന്തരമായി പ്രാര്‍ത്ഥന നടക്കുന്നുണ്ട്. 1993 തൊട്ട് ഒരു പൂജയും അവിടെ നടന്നിട്ടില്ലെന്നും ഉവൈസി ചൂണ്ടിക്കാട്ടി. 'നാളെ രാഷ്ട്രപതി ഭവന്റെ താഴെ കുഴിച്ചുനോക്കിയാല്‍ എന്തെങ്കിലും കിട്ടും. നൂറുവര്‍ഷക്കാലമായി നമസ്‌കാരം നടന്നുവരുന്ന സ്ഥലമാണിതെന്നും ഗ്യാന്‍വാപി പള്ളിക്കു താഴെ ഹിന്ദു നിര്‍മിതികള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളില്‍ ഉവൈസി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ മുസ്‌ലിംകള്‍ക്ക് ഇനി ഒരു പ്രതീക്ഷയില്ലെന്നും ഉവൈസി സൂചിപ്പിച്ചു. പാര്‍ലമെന്റില്‍ പറഞ്ഞ കാര്യമാണ്. ഇവിടെയും ആവര്‍ത്തിക്കുകയാണ്. ഒരു പ്രത്യേക വിഭാഗക്കാര്‍ക്കു മാത്രമായാണ് പ്രധാനമന്ത്രി തന്റെ ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതെന്നും അസദുദ്ദീന്‍ ഉവൈസി കൂട്ടിച്ചേര്‍ത്തു.