ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലുണ്ടായ അപകടത്തില്‍ കാണാതായ മകനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ചെന്നൈ മുന്‍ മേയര്‍ സെയ്ദായി ദുരൈസാമി. വിനോദ യാത്രയ്ക്ക് പോയ മകന്‍ വെട്രി ദുരൈസാമി(45) സഞ്ചരിച്ച കാര്‍ സത്‌ലജ് നദിയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു.
ഞായറാഴ്ചയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരികളുമായി എത്തിയ കാര്‍ നദിയിലേക്ക് വീണത്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ മരിക്കുകയും കൂടെയുണ്ടായിരുന്ന മറ്റൊരു വിനോദസഞ്ചാരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ അപകടത്തില്‍പ്പെട്ട വെട്രിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടെയുണ്ടായിരുന്ന ഗോപിനാഥിനെ പരിക്കുകളോടെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിച്ചിരിക്കുകയാണ്. ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് 200 മീറ്റര്‍ താഴ്ചയുള്ള നദിയിലേക്ക് വീഴുകയായിരുന്നു.
വെട്രിയെ കണ്ടത്താന്‍ സഹായിക്കുന്നവര്‍ക്ക് പിതാവായ സെയ്ദായി ദുരൈസാമി ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.