കര്‍ഷക സംഘടനകളെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടതോടെ 'ഡല്‍ഹി ചലോ' മാര്‍ച്ചുമായി കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക്. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം, കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ വീണ്ടും സമരത്തിനിറങ്ങുന്നത്.
സമരത്തെ നേരിടാന്‍ ഹരിയാന, ഡല്‍ഹി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണമാണുള്ളത്. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍ര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തികള്‍ അടച്ചു. പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാന്‍ അതിര്‍ത്തികളില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിക്കുകയും റോഡില്‍ ഇരുമ്പാണികള്‍ നിരത്തുകയും ചെയ്തു.
പ്രക്ഷോഭവുമായി അതിര്‍ത്തി കടന്നെത്തുന്ന കര്‍ഷകര്‍ക്കായുള്ള ജയിലുകളും സര്‍ക്കാര്‍ തയാറാക്കി കഴിഞ്ഞു. പ്രതിഷേധക്കാരെ അറസ്?റ്റ് ചെയ്ത് പാര്‍പ്പിക്കാനായി ഹരിയാനയിലെ രണ്ട് വലിയ സ്റ്റേഡിയങ്ങളാണ് താത്കാലിക ജയിലുകളാക്കി മാറ്റിയിരിക്കുന്നത്. സമരത്തിന് കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളില്‍ റോഡ് സ്‌പൈക്ക് ബാരിയറുകള്‍ സ്ഥാപിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര പ്രതികരിച്ചിരുന്നു. 'കര്‍ഷകരുടെ പാതയില്‍ മുള്ളുകള്‍ വെക്കുന്നത് അമൃത്കാലമാണോ അതോ അന്യായക്കാലമാണോ?' എന്നാണ് പ്രിയങ്ക ചോദിച്ചത്.
സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് 'ഡല്‍ഹി ചലോ' എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.