ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 720 കോടി രൂപ ; നാലിലൊന്ന് പോലും ഇല്ലാതെ കോണ്‍ഗ്രസും ആപ്പും സിപിഐഎമ്മും

ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 720 കോടി രൂപ ; നാലിലൊന്ന് പോലും ഇല്ലാതെ കോണ്‍ഗ്രസും ആപ്പും സിപിഐഎമ്മും
കഴിഞ്ഞ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 720 കോടി രൂപയ്ക്ക് അടുത്തെന്ന് റിപ്പോര്‍ട്ട്. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനും ആംആദ്മി പാര്‍ട്ടിക്കും സിപിഐഎമ്മിനും എന്‍പിപിക്കും ലഭിച്ചതിന്റെ അഞ്ചിരട്ടിയാണിത്. 2022-23 വര്‍ഷം ദേശീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ആകെ ലഭിച്ചത് 850.438 കോടി രൂപയാണ്. 20,000 രൂപയില്‍ കൂടുതലുള്ള തുകയാണ് സംഭാവനയായി കണക്കാക്കി കണക്ക് പുറത്ത് വന്നത്.

2022-23 വര്‍ഷത്തില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 20,000 ന് മുകളിലുള്ള ഒരു സംഭാവന പോലും ലഭിച്ചിട്ടില്ല. ഓരോ സാമ്പത്തിക വര്‍ഷത്തിലും തങ്ങള്‍ക്ക് ലഭിച്ച സംഭാവനകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പുറത്ത് വിടണം. 7,945 സംഭാവനകളില്‍ നിന്നായി 719,858 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചതെങ്കില്‍ 894 സംഭവകളില്‍ നിന്നായി 79.924 കോടി രൂപ മാത്രമാണ് കോണ്‍ഗ്രസ് അക്കൗണ്ടുകളിലേക്ക് എത്തിയത്.

കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ആകെ സംഭാവന തുകയില്‍ 12.09 ശതമാനത്തിന്റെ വര്‍ധനയുണ്ട്. ബിജെപിക്ക് സംഭാവനയായി ലഭിച്ച തുകയില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 17 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസിന്റേതില്‍ 16.27 ശതമാനത്തിന്റെ ഇടിവുണ്ടായി. സിപിഐഎമ്മിന്റെയും ആപ്പിന്റെയും സംഭാവനയിലും സമാനമായ രീതിയില്‍ ഇടിവാണുണ്ടായത്. സിപിഐഎമ്മിന്റെ സംഭാവന 39.56 ശതമാനം ഇടിഞ്ഞപ്പോള്‍ ആപ്പിന്റേത് 2.99 ശതമാനം ഇടിഞ്ഞു.



Other News in this category



4malayalees Recommends