ബിജെപി സര്‍ക്കാരിന് മുതിര്‍ന്ന നേതാക്കള്‍ പിന്തുണ വാഗ്ദാനം ചെയ്തതോടെ അസമില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായി. നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാരിനെ പിന്തുണച്ചിട്ടുണ്ടെന്ന് അസം മന്ത്രി പിജൂഷ് ഹസാരിക വെളിപ്പെടുത്തിയതിന് പിന്നാലെയാണിത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്തെത്തി. രാഹുലിനുള്ള തന്റെ സമ്മാനമാണ് എംഎല്‍എമാരുടെ പിന്തുണയെന്ന് ഹിമന്ത പറഞ്ഞു.
'രാഹുല്‍ ഗാന്ധി തന്റെ ആഡംബര ബസില്‍ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരെയും അസംബംഗാള്‍ അതിര്‍ത്തിയില്‍ വിളിച്ചുവരുത്തി, അടുത്ത സമ്മേളനം നടക്കുമ്പോള്‍ മുഖ്യമന്ത്രിയെ കീറിമുറിക്കണമെന്നും നിയമസഭ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ പുറത്താക്കുമെന്ന് രാഹുല്‍ ഗാന്ധി ഭീഷണിപ്പെടുത്തി', ഹിമന്ത എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
എന്നാല്‍ സഭയില്‍ വാക്കൗട്ട് പോലും ഉണ്ടായില്ല. അസം സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസിനെ കീറിമുറിക്കുകയാണുണ്ടായതെന്നും ഹിമന്ത പരിഹസിച്ചു. കമലാഖ്യ ഡേ പുര്‍കായസ്ത, ബസന്ത ദാസ് എന്നിവരാണ് ബിജെപി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചത് രംഗത്തെത്തിയത്. തരുണ്‍ ഗോഗോയ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ബസന്ത ദാസ്. ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായിരുന്ന പുര്‍കായസ്ത സ്ഥാനം രാജിവെച്ചത്. ഇരുവരെയും നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ ഹിമന്ത ബിശ്വ ശര്‍മ്മ സ്വീകരിച്ചു.