ത്രിപുരയിലെ സര്‍ക്കാര്‍ കോളേജില്‍ സംഘടിപ്പിച്ച സരസ്വതി പൂജ ആഘോഷം വിവാദത്തിലായി. കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച സരസ്വതിയുടെ ശില്‍പത്തില്‍ പരമ്പരാഗത രീതിയില്‍ സാരി ധരിപ്പിച്ചില്ലെന്ന് ആരോപിച്ച് വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയും ബജ്‌റംഗ് ദളും പ്രതിഷേധം സംഘടിപ്പിച്ചു. ആഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.
പരമ്പരാഗത രീതിയില്‍ വേഷം ധരിപ്പിക്കാതെ വിഗ്രഹം പ്രദര്‍ശിപ്പിച്ചതില്‍ അശ്ലീലത ആരോപിച്ചാണ് എബിവിപി പ്രതിഷേധം. പിന്നീട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും രംഗത്തെത്തുകയായിരുന്നു. 'ഇന്ന് ബസന്ത് പഞ്ചമിയാണെന്നും ലോകം മുഴുവനും സരസ്വതിയെ പൂജിക്കുമെന്നും എല്ലാവര്‍ക്കും അറിയാം. അതിനിടെയാണ് സര്‍ക്കാര്‍ കോളേജില്‍ സരസ്വതിയെ മോശമായി ചിത്രീകരിച്ചത്' എന്ന് എബിവിപി ത്രിപുര യൂണിറ്റ് ജനറല്‍ സെക്രട്ടറി ആരോപിച്ചു. കോളേജ് അധികൃതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടണമെന്നും എബിവിപി ആവശ്യപ്പെട്ടു.
അതേസമയം മതവികാരം വ്രണപ്പെടുത്തുകയെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും ഹിന്ദു ക്ഷേത്രങ്ങളിലെ പുരാതന ശില്‍പ്പങ്ങള്‍ നോക്കിയാണ് വിഗ്രഹം ഒരുക്കിയതെന്നും കോളേജ് അധികൃതര്‍ വിശദീകരിച്ചു. പ്രതിഷേധത്തിന് പിന്നാലെ വിഗ്രഹം കോളേജ് അധികൃതര്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടി, പൂജ പന്തലിന് പിന്നിലേക്ക് മാറ്റി. പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചെങ്കിലും ഇതുവരെയും വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ല.