മണിപ്പൂരില്‍ ആയുധധാരികള്‍ക്കൊപ്പമുള്ള സെല്‍ഫി വൈറലായി, പൊലീസുകാരന് സസ്‌പെന്‍ഷന്‍

മണിപ്പൂരില്‍ ആയുധധാരികള്‍ക്കൊപ്പമുള്ള സെല്‍ഫി വൈറലായി, പൊലീസുകാരന് സസ്‌പെന്‍ഷന്‍
മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ സുരക്ഷാസേനയ്‌ക്കെതിരായ പ്രതിഷേധത്തില്‍ സംഘര്‍ഷം ഉണ്ടായി. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയുധധാരികള്‍ക്കൊപ്പമുള്ള സെല്‍ഫി വൈറലായതിനെത്തുടര്‍ന്ന് ഹെഡ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച സുരക്ഷാ സേനയുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടിയത്. സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരനെ തിരിച്ചെടുക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. പ്രതിഷേധക്കാര്‍ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു. ഒരു ബസും ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് സമീപമുള്ള മറ്റ് കെട്ടിടങ്ങളും കത്തിച്ചായിരുന്നു വന്‍ പ്രതിഷേധം.

ഫെബ്രുവരി 14 ന് ആയുധധാരികള്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി വൈറലായതിനെ തുടര്‍ന്ന് ചുരാചന്ദ്പൂര്‍ ജില്ലാ പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സിയാം ലാല്‍ പോളിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ സ്റ്റേഷന്‍ പരിധി വിട്ടുപോകരുതെന്ന് ഹെഡ് കോണ്‍സ്റ്റബിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹെഡ് കോണ്‍സ്റ്റബിളിനെ അന്യായമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെന്നും തിരിച്ചെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 2023 മെയ് മാസത്തില്‍ ആരംഭിച്ച വംശീയ സംഘര്‍ഷങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്നാണ് കുക്കിസോ ഗോത്രങ്ങളുടെ ആധിപത്യമുള്ള ജില്ലയായ ചുരാചന്ദ്പൂര്‍. മൂന്നൂറ് മുതല്‍ നാനൂറ് പേര്‍ അടങ്ങുന്ന രോഷാകുലരായ ജനക്കൂട്ടം അക്രമാസക്തരായതോടെ സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends