കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന് ബിജെപിയുടെ ആരോപണം. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെച്ചൊല്ലിയാണ് തര്‍ക്കമെന്ന് ബിജെപി ആരോപിക്കുന്നു. ഉത്തര്‍പ്രദേശില്‍ ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് പ്രിയങ്ക ഗാന്ധി എത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ബിജെപിയുടെ ആരോപണം.
ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യാത്രയുടെ ഭാഗമാകാന്‍ കഴിയില്ലെന്ന് പ്രിയങ്ക അറിയിച്ചത്. അസുഖബാധിതയായതിനാല്‍ പ്രിയങ്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്താലുടന്‍ യാത്രയില്‍ പങ്കെടുക്കാന്‍ താനെത്തുമെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചിരുന്നു.
യാത്ര തുടങ്ങിയപ്പോഴും യാത്ര ഉത്തര്‍പ്രദേശിലെത്തിയപ്പോഴും രാഹുലിനൊപ്പം പ്രിയങ്കയില്ലെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള പൊരുത്തക്കേടുകള്‍ എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി നേതൃത്വത്തിനായുള്ള സഹോദരങ്ങളുടെ പിടിവലിയെക്കുറിച്ച് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാമെന്നും അമിത് മാളവ്യ പറഞ്ഞു.