സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ സരസ്വതി ദേവിയുടെ ചിത്രം വെയ്ക്കാന്‍ അനുവദിച്ചില്ലെന്ന പേരില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
സരസ്വതി ദേവിയെ അപമാനിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാനിലെ കൃഷ്ണഗഞ്ചിലുള്ള ലക്ഡായി ഗ്രാമത്തില്‍ പ്രൈമറി അധ്യാപികയായ ഹേമലത ബൈരവയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നടപടി ഏറ്റുവാങ്ങിയത്. നടപടി എടുത്ത വിവരം വിദ്യാഭ്യാസ മന്ത്രി തന്നെ പൊതുചടങ്ങില്‍ വെച്ച് അറിയിക്കുകയും ചെയ്തു. സ്‌കൂളില്‍ സരസ്വതി ദേവിയുടെ പങ്ക് എന്താണെന്ന് ചോദിക്കുന്ന തരത്തില്‍ ചിലരുടെ സ്വഭാവം മാറിയിട്ടുണ്ടെന്നും അവരെ താന്‍ സസ്‌പെന്‍ഡ് ചെയ്തതായുമാണ് മന്ത്രി മദന്‍ ദിലവാര്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കവെ പറഞ്ഞത്.
അധ്യാപികയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയാണെന്നും മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിന്മേല്‍ അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചുവരികയാണെന്നും ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു. സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ സരസ്വതി ദേവിയുടെ ചിത്രം വെയ്ക്കാന്‍ അനുവദിച്ചില്ലെന്നതാണ് അധ്യാപികയ്‌ക്കെതിരായ പരാതി. ഗാന്ധിയുടെയും അംബേദ്കറുടെയും ചിത്രത്തോടൊപ്പം ആഘോഷത്തില്‍ സരസ്വതി ദേവിയുടെയും ചിത്രം വെയ്ക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെങ്കിലും സ്‌കൂളിനും വിദ്യാഭ്യാസത്തിനും സരസ്വതി ദേവി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് അധ്യാപിക ആവശ്യം നിരസിക്കുകയായിരുന്നു.