പ്രണയിച്ച് വിവാഹം ചെയ്തതിന് ഇതര ജാതിക്കാരനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പ്രവീണ്‍ (25) എന്ന യുവാവാണ് മരിച്ചത്. ചെന്നൈ പള്ളിക്കരണിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പ്രവീണിന്റെ ഭാര്യ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
പ്രവീണ്‍ നാല് മാസം മുമ്പ് ഷര്‍മി എന്ന ഇതരജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തിരുന്നു. പെണ്‍വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. പിന്നാലെ പ്രവീണിന് ഷര്‍മിയുടെ കുടുംബത്തില്‍ നിന്നും ജീവന് ഭീഷണിയുണ്ടായിരുന്നു.
ഇതിനിടെയാണ് ശനിയാഴ്ച രാത്രി ഷര്‍മിയുടെ മൂത്ത സഹോദരന്‍ ദിനേശും മറ്റ് മൂന്ന് പേരും ചേര്‍ന്ന് പ്രവീണിനെ പള്ളിക്കരണൈയിലെ ബാറിന് പുറത്ത് വളഞ്ഞിട്ട് വെട്ടി വീഴ്ത്തിയത്. ഓടിക്കൂടിയവര്‍ ചേര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പള്ളിക്കരണൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തില്‍ പങ്കാളികളായ യുവതിയുടെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ സംഘര്‍ഷങ്ങള്‍ തടയാന്‍ കുടുംബത്തിന് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.