ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുവിഭാഗത്തിന് പൂജ തുടരാം; പള്ളി കമ്മിറ്റിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുവിഭാഗത്തിന് പൂജ തുടരാം; പള്ളി കമ്മിറ്റിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി
ഉത്തര്‍പ്രദേശിലെ കാശിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുവിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി കോടതി വിധിക്കെതിരെ പള്ളി കമ്മിറ്റി നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ഫെബ്രുവരി പതിനഞ്ചോടെ അഞ്ജുമാന്‍ പള്ളി കമ്മിറ്റിയുടെയും ഹിന്ദു വിഭാഗങ്ങളുടെയും വാദം പൂര്‍ത്തിയായ ശേഷം, ജഡ്ജി രോഹിത് രഞ്ജന്‍ അഗര്‍വാള്‍ വിധി പറയാന്‍ ഇന്ന് മാറ്റുകയായിരുന്നു.

സംഭവത്തില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെയാണ് ഫെബ്രുവരി ഒന്നിന് പള്ളി കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി 31നാണ് വാരാണസി കോടതി മുസ്ലിം ആരാധനാലയത്തില്‍ ഹിന്ദുക്കള്‍ക്ക് പൂജ അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. മസ്ജിദ് പരിസരത്തിന്റെ ഭാഗമായ വ്യാസ് തെഹ്ഖാന (തെക്കന്‍ ഭൂഗര്‍ഭ അറ) തങ്ങളുടെ അധീനതയിലായിരുന്നുവെന്നും മറ്റാര്‍ക്കും അവിടെ ആരാധന നടത്താന്‍ അവകാശമില്ലെന്നുമാണ് കമ്മിറ്റിയുടെ നിലപാട്.

യുക്തിസഹമായ കാരണങ്ങള്‍ ഇല്ലാതെ പൂജ നടത്തുന്നതുപോലെയുള്ള തീരുമാനങ്ങളിലേക്ക് കടക്കാന്‍ കഴിയില്ലെന്നും കമ്മിറ്റി വാദിച്ചു. ഒരിക്കല്‍ പോലും വ്യാസ് തെഹ്ഖാന ഹിന്ദുക്കളുടെ നിയന്ത്രണത്തില്‍ ഉണ്ടായിട്ടില്ല എന്നും കമ്മിറ്റി കോടതിയില്‍ പറഞ്ഞു. അതേസമയം, ജനുവരി 31ലെ കീഴ്‌ക്കോടതി വിധിയെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഹിന്ദു വിഭാഗം കോടതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. 1993 വരെ ഗ്യാന്‍വാപി പള്ളിയിലെ ഒരു ഭാഗത്ത് ഹിന്ദുക്കള്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു എന്നാണ് ഹിന്ദു ഭാഗം പ്രധാനമായും വാദിക്കുന്നത്. എന്നാല്‍ ഇതിന് കൃത്യമായ രേഖകള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.

Other News in this category



4malayalees Recommends