വസ്ത്രം മുഷിഞ്ഞതാണെന്ന കാരണത്താല്‍ കര്‍ഷകന് യാത്ര നിഷേധിച്ചു, സംഭവം 'നമ്മ മെട്രോ'യില്‍
വസ്ത്രം മുഷിഞ്ഞതാണെന്ന കാരണത്താല്‍ കര്‍ഷകന് യാത്ര നിഷേധിച്ച് ബംഗളൂരു മെട്രോ. തലയില്‍ ചാക്കും ചുമന്നെത്തിയ കര്‍ഷകനെയാണ് വസ്ത്രം മുഷിഞ്ഞതാണെന്ന കാരണം പറഞ്ഞ് മെട്രോയിലെ ജീവനക്കാര്‍ അപമാനിച്ചത്. സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ സെക്യൂരിറ്റി സൂപ്പര്‍വൈസറെ പിരിച്ചുവിട്ടു.
രാജാജി നഗര്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. കയ്യില്‍ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും തലയില്‍ ചുമടുമായെത്തിയ കര്‍ഷകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. ചെക്ക് പോയിന്റിലെ ലഗേജ് സ്‌കാനറിന് സമീപത്തുവെച്ചാണ് കര്‍ഷകനെ തടഞ്ഞത്. കാര്‍ത്തിക് സി ഐരാനി എന്നയാള്‍ കര്‍ഷകന് യാത്ര നിഷേധിച്ചതിനെ ചോദ്യംചെയ്യുന്നതാണ് വീഡിയോയിലുള്ളത്. കര്‍ഷകന്റെ തലച്ചുമടില്‍ വസ്ത്രങ്ങളാണ് ഉണ്ടായിരുന്നത്. ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിഎംആര്‍സിഎല്‍) നിയമങ്ങളുടെ ലംഘനമൊന്നും കര്‍ഷകന്‍ നടത്തിയിട്ടില്ലെന്ന് കാര്‍ത്തിക് പറഞ്ഞു.
കര്‍ഷകന്‍ സുരക്ഷാ ഭീഷണി അല്ലെന്നും കുറച്ച് വസ്ത്രങ്ങള്‍ കൂടെ കൊണ്ടുപോകുന്നത് ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിഎംആര്‍സിഎല്‍) നിയമങ്ങള്‍ക്ക് എതിരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കര്‍ഷകനെ മെട്രോയില്‍ കയറാന്‍ അനുവദിച്ചു. ഈ സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കര്‍ഷകനുണ്ടായ അസൌകര്യത്തില്‍ ബിഎംആര്‍സിഎല്‍ ഖേദപ്രകടനം നടത്തി. നമ്മ മെട്രോ എല്ലാവര്‍ക്കും യാത്ര ചെയ്യാനുള്ളതാണെന്നും വ്യക്തമാക്കി.